കേരോല്പ്പാദനം കുറയുന്നു

Monday 8 May 2017 10:14 pm IST

കൊച്ചി: ഇന്ത്യയിലെ 2016 2017ലെ കേരോല്പ്പാദനം പോയ വര്‍ഷത്തെ അപേക്ഷിച്ച് 6.22 ശതമാനം കുറയുമെന്ന് നാളികേര വികസന ബോര്‍ഡ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഉല്പാദനം നേരിയ തോതില്‍ കുറയുന്നതായാണ് കാണുന്നത്. പശ്ചിമബംഗാളില്‍ 3.96 ശതമാനം വര്‍ദ്ധന കാണിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ വര്‍ദ്ധന 0.37 ശതമാനം മാത്രമാണ്. ആന്ധ്രപ്രദേശില്‍ 0.81 ശതമാനത്തിന്റെ കുറവാണ്. ഗുജറാത്തിലും ഒഡീഷയിലുമാണ് യഥാക്രമം 15.86 ശതമാനത്തിന്റെയും 10.38 ശതമാനത്തിന്റെയും താരതമ്യേന ഉയര്‍ന്ന ഉല്പാദന കുറവു കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ ആകെ ഉല്‍പാദനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്യുന്ന കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 8.47 ശതമാനത്തിന്റെയും, 5.85 ശതമാനത്തിന്റെയും, 5.17 ശതമാനത്തിന്റെയും 0.81 ശതമാനത്തിന്റെയും ഉല്പാദനക്കുറവാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. സര്‍വ്വേ ഫലപ്രകാരം ഏറ്റവും കൂടുതല്‍ നാളികേര ഉല്‍പാദന ക്ഷമത രേഖപ്പെടുത്തിയിരിക്കുന്നത് ആന്ധ്രപ്രദേശിലും ഏറ്റവും കുറവ് ഒഡിഷയിലുമാണ്. ആന്ധ്രയില്‍ ഹെക്ടറിന് 13617 നാളികേരവും ഒഡീഷയില്‍ ഹെക്ടറിന്‍ 5782 നാളികേരവുമാണ് ഉത്പാദനക്ഷമത. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉല്‍പാദനക്ഷമത ദേശീയ ശരാശരിക്ക് മുകളിലാണ്. കേരളത്തില്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്‍പന്തിയില്‍. ഹെക്ടറില്‍ 11972 നാളികേരമാണ് ജില്ലയിലെ ശരാശരി ഉല്പാദനം. മലപ്പുറവും (11840 നാളികേരം), തൃശ്ശൂരും (11218 നാളികേരം) ആണ് തൊട്ടു പുറകില്‍. ഏറ്റവും കുറവ് ഉല്‍പാദനക്ഷമത രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്. ഒരു ഹെക്ടറില്‍ ശരാശരി 1856 നാളികേരം മാത്രമാണ് ഇടുക്കിയിലെ ഉല്‍പാദനക്ഷമത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.