ലാലുവിന് തിരിച്ചടി, വിചാരണ നേരിടണം

Monday 8 May 2017 10:15 pm IST

ന്യൂദല്‍ഹി: കാലിത്തീറ്റ അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിനു തിരിച്ചടി. രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഇതേ സ്വഭാവത്തിലുള്ള മറ്റു കേസുകളില്‍ ഇനി വിചാരണ നേരിടേണ്ടെന്ന ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ്. ലാലു, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സജല്‍ ചക്രവര്‍ത്തി എന്നിവരാണ് പ്രധാന പ്രതികള്‍. ചൈബാസ ട്രഷറിയില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ച കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഇതില്‍ ജാമ്യത്തിലാണ് ഇദ്ദേഹം. ശിക്ഷയ്‌ക്കെതിരെ ലാലു സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. ലാലു മുഖ്യമന്ത്രിയായിരുന്ന 1990-97 കാലത്ത് തൊള്ളായിരം കോടിയിലധികം രൂപയുടെ അഴിമതി കാലിത്തീറ്റ ഇടപാടില്‍ നടന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നിന്ന് നിയമവിരുദ്ധമായി പണം പിന്‍വലിച്ചുവെന്നാണ് കേസ്. ദിയോഗര്‍ ട്രഷറി ഇടപാടിലെ നടപടികള്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. നിയമതത്വം ലംഘിച്ച് ലാലുവിന് ആശ്വാസം നല്‍കിയെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ വൈകിയ സിബിഐയ്ക്കും വിമര്‍ശനം നേരിട്ടു. ഏപ്രില്‍ 20ന് കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും കക്ഷികള്‍ക്ക് വിശദീകരണം സമര്‍പ്പിക്കാന്‍, വിധി പറയുന്നത് കോടതി നീട്ടി. ലാലുവിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി പുനസ്ഥാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.