ജലമൂറ്റുന്ന മരങ്ങള്‍ വച്ചു പിടിപ്പിക്കില്ല: വനംമന്ത്രി

Monday 8 May 2017 10:19 pm IST

തിരുവനന്തപുരം: വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാതെ ഇനി വനം വകുപ്പ് അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് ഉള്‍പ്പെടെയുള്ള വിദേശ മരങ്ങള്‍ വച്ചുപിടിപ്പിക്കില്ലെന്ന് വനംമന്ത്രി കെ.രാജു. നിയമസഭയില്‍ ഡി.കെ.മുരളിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിശ്ചിത അളവ് മരങ്ങള്‍ നിശ്ചിത കാലത്തേക്ക് നല്‍കിക്കൊള്ളാമെന്ന ചില കരാറുകള്‍ നിലവിലുള്ളതുകൊണ്ടാണ് നിലവിലുള്ള അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് തോട്ടങ്ങള്‍ നിലനിര്‍ത്തേണ്ടിവരുന്നത്. ഇവയില്‍ ഭാവിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ട തോട്ടങ്ങള്‍ മാത്രം നിലനിര്‍ത്തി ജനവാസ കേന്ദ്രങ്ങള്‍, ജലസ്രോതസുകള്‍ എന്നിവയുടെ സമീപപ്രദേശങ്ങളിലെ പ്രായമായ തോട്ടങ്ങള്‍ വെട്ടിമാറ്റി തദ്ദേശീയ വൃക്ഷങ്ങളും വന്യജീവികള്‍ക്ക് പ്രയോജനമാകുന്ന ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനവും എടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് അടിയന്തരമായി ഇറക്കും. മുറിച്ചുമാറ്റിയ തോട്ടങ്ങളില്‍ തദ്ദേശീയ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന വനദീപ്തി പദ്ധതി സംസ്ഥാനത്തെ മറ്റു വനമേഖലകളിലേക്ക് വ്യാപിപ്പിക്കും. വിദേശമരങ്ങള്‍ക്ക് പകരം ഞാവല്‍, ഇലഞ്ഞി, അമ്പഴം, മാവ്, പ്ലാവ്, ആഞ്ഞിലി, പേര, ആത്ത, പുളി, നെല്ലി, കശുമാവ് മുതലായ ഫലവൃക്ഷങ്ങളും കണിക്കൊന്ന, മണിമരുത്, ചമത, മന്ദാരം, ചെമ്പകം തുടങ്ങിയ പൂമരങ്ങളും കുമ്പിള്‍, വേപ്പ്, കുടംപുളി, കാഞ്ഞിരം, രക്തചന്ദനം, ചന്ദനം, ഉങ്ങ്, ആല്‍, കൂവളം, താന്നി, അശോകം, പതിമുഖം, മരോട്ടി മുതലായ ഔഷധവൃക്ഷങ്ങളും ഈട്ടി, തേക്ക്, മഹാഗണി, പൂവരശ്, മട്ടി, ചെമ്പകം, കരിമരുത്, വെള്ളകില്‍ മുതലായ തടിവൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ഇവയ്ക്ക് പുറമെ അനുയോജ്യമായ സ്ഥലങ്ങളില്‍ മുള, ചൂരല്‍ എന്നിവയും വച്ചുപിടിപ്പിക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഒരു കോടി വൃക്ഷത്തൈവച്ച് പിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.