അയ്മനത്ത് വീട് അടിച്ച് തകര്‍ത്ത സംഭവം: മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Monday 8 May 2017 11:16 pm IST

കോട്ടയം: വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടു മദ്യപിച്ചത് ചോദ്യം ചെയ്തതിന് വീട് അടിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ് കാരന്‍തോട് രാജുഭവനില്‍ പ്രിന്‍സ് ആന്റണി (23), ദേവികുളം കൊട്ടാകമ്പൂര്‍ മരുമലയില്‍ ജയിന്‍രാജ് (23), കുറിച്ചി പുലിക്കുഴി സിനുസിന്‍ഘോഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. അതേ സമയം ജില്ലാ സെക്രട്ടറി റിജേഷ്.കെ.ബാബുവിനെ അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി അയ്മനം ഇളങ്കാവ് ക്ഷേത്രം -കല്ലുമട റോഡില്‍ കായംകുളം മുക്കിന് സമീപം വഞ്ചിയത്ത് വി.കെ.സുകുവിന്റെ വീടാണ് ആക്രമിച്ചത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിന്റെ നേതൃത്വത്തില്‍ 20 തോളം വരുന്ന സംഘമാണ് വീടും മുറ്റത്ത് കിടന്ന വാഹനങ്ങളും തകര്‍ത്തത്. കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നിലെന്നാണ് വീട്ടുകാര്‍ പറയുന്നത്. അറസ്റ്റിലായ പ്രതികള്‍ ജില്ലാ സെക്രട്ടറി വിളിച്ച് അറിയിച്ചതനുസരിച്ച് സംഭവസ്ഥലത്ത് എത്തിയവരാണ്.പ്രിന്‍സും ജയിനും നാട്ടകം പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ഥികളാണ്. ഇതിനിടെ, ജില്ലാ സെക്രട്ടറിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. റിജേഷിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നതായും സൂചനയുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അക്രമത്തില്‍ സംഘം സ്‌ഫോടക വസ്തുവും പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇത് ഉപയോഗിച്ചതിന് കേസെടുത്തിട്ടില്ല. ആക്രമണ വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ നാടന്‍ ബോംബ് എറിഞ്ഞ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സുകുവിന്റെ സ്‌കൂട്ടര്‍, മരുമകന്റെ കാര്‍, ബന്ധുക്കളായ മറ്റ് രണ്ട് പേരുടെ ബൈക്ക് എന്നിവ ആക്രണത്തില്‍ തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.