കോടതിയലക്ഷ്യം: മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി

Tuesday 9 May 2017 10:10 pm IST

ന്യൂദല്‍ഹി: കോടതിയലക്ഷ്യം പ്രവര്‍ത്തിച്ച വിവാദ മദ്യരാജാവ് വിജയ് മല്ല്യ ജൂലൈ പത്തിന് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അന്ന് മല്ല്യക്കുള്ള ശിക്ഷ പ്രഖ്യാപിക്കുമെന്നും ജസ്റ്റിസ് എ. കെ. ഗോയല്‍, യുയു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. വായ്പ കുടിശിക വരുത്തുന്നവരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടണമെന്ന് കഴിഞ്ഞ ദിവസം കോടതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ തൊട്ടുപിന്നാലെയാണ്, വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. കോടതി ഉത്തരവ് ലംഘിച്ച് മല്ല്യ 400 ലക്ഷം ഡോളര്‍(2600 കോടി രൂപ) തന്റെ കുട്ടികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും അതിനാല്‍ മല്ല്യയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണക്കമെന്നും കാട്ടി എസ്ബിഐയുടെ നേതൃത്വത്തില്‍ നിരവധി ബാങ്കുകളുടെ കൂട്ടായ്മ (കണ്‍സോര്‍ഷ്യം) നല്‍കിയ കേസിലാണ് സുപ്രീംകോടതി നടപടി. മല്ല്യയ്ക്ക് എതിരെ സുപ്രീം കോടതി നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. 2016 മാര്‍ച്ച് എട്ടിന് മല്ല്യയ്ക്ക് നോട്ടീസുമയച്ചു. ഈ സമയത്താണ് കുടിശിക വരുത്തി ഇയാള്‍ മുങ്ങിയത്. ബ്രിട്ടനില്‍ പോയ മല്ല്യയ്ക്ക് എതിരെ നടപടി എടുത്താല്‍ എങ്ങനെ നടപ്പാക്കാനാകുമെന്ന് കോടതി ചോദിച്ചു. മല്ല്യയെ വിട്ടുകിട്ടാനുള്ള നടപടികള്‍ കേന്ദ്രം തുടങ്ങിയെന്ന് ഇതിനുള്ള മറുപടിയായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് കൂടി വന്നാല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകും. റോത്തഗി പറഞ്ഞു. മല്ല്യക്കെതിരായ നടപടിയെ എതിര്‍ത്ത അയാളുടെ അഭിഭാഷകന്‍ കേന്ദ്രം മല്ല്യയെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ചു. മല്ല്യയ്ക്ക് ഇവിടെ പതിനായിരം കോടിയിലേറെ രൂപയുടെ സ്വത്തുണ്ട്. അത് സര്‍ക്കാര്‍ കണ്ടുകെട്ടിക്കഴിഞ്ഞു. എന്നിട്ടും പീഡനം തുടരുകയാണ്. അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.