കോന്നി കേന്ദ്രീയ വിദ്യാലയം അടുത്തമാസം പ്രവര്‍ത്തനം തുടങ്ങിയേക്കും

Tuesday 9 May 2017 7:09 pm IST

  പത്തനംതിട്ട: കോന്നിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടുത്ത മാസം പ്രവര്‍ത്തനം ആരംഭിച്ചേക്കും. വിദ്യാലയം താത്കാലികമായി പ്രവര്‍ത്തിക്കുന്നതിന് രണ്ടു സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതില്‍ ഏതു വേണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതരാണ് തീരുമാനിക്കുക. നെടുമ്പാറയിലെ മെഡിക്കല്‍ കോളജ് ക്യാമ്പസിനോട് ചേര്‍ന്ന് അരുവാപ്പുലം പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കേന്ദ്രീയവിദ്യാലയത്തിന് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എട്ടേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഭൂമി നിരപ്പാക്കി കെട്ടിടം നിര്‍മിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ തന്നെ താത്കാലികമായി 15 മുറികളോട് കൂടിയ കെട്ടിടം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിനായി എംപി, എംഎല്‍എ ഫണ്ടുകള്‍ അനുവദിക്കാമെന്നും കണക്ക് കൂട്ടിയിരുന്നു. എന്നാല്‍, കൃത്യമായ വഴിയില്ല, ചുറ്റിനുമുള്ള ഭൂമി കാടുകയറി കിടക്കുന്നു, ജലക്ഷാമം എന്നീ കാരണങ്ങള്‍ പരിഗണിച്ച് കോന്നി ടൗണില്‍ എവിടെയെങ്കിലും ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പോലീസ് സ്‌റ്റേഷന് പിന്നില്‍ മുമ്പ് പാരലല്‍ കോളജ് നടത്തിയിരുന്ന കെട്ടിടവും സെന്റ് ജോര്‍ജ് മഹാ ഇടവകയുടെ കീഴിലുള്ള കെട്ടിടവും പരിശോധിച്ചു. ഇതില്‍ പള്ളിവക കെട്ടിടമാണ് കൂടുതല്‍ അനുയോജ്യമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടവക അധികാരികളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്താനാണ് അധികൃതരുടെ ശ്രമം. ആന്റോ ആന്റണി എംപി, കേന്ദ്രീയ വിദ്യാലയം എറണാകുളം റീജിയണ്‍ അസി. കമ്മിഷണര്‍ സി.കരുണാകരന്‍, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍മാരായ എന്‍.സുരേഷ് ബാബു, എസ്.ജി.ദുബെ, എഡിഎം അനു എസ്.നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാല്‍, അരുവാപ്പുലം പഞ്ചായത്തംഗം ജോയി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി വിനോദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.