ആഗസ്തില്‍ വിതരണം പൂര്‍ത്തിയാകും ജില്ലയില്‍ ഒരുങ്ങുന്നത് നാല് നിറങ്ങളിലുള്ള 5.64 ലക്ഷം റേഷന്‍ കാര്‍ഡുകള്‍

Tuesday 9 May 2017 9:25 pm IST

കണ്ണൂര്‍: റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനായി ഒരുങ്ങുന്നു. അച്ചടി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പുറംചട്ട അടിച്ചു ലാമിനേറ്റ് ചെയ്ത് ഉള്‍പേള്‍ജുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. മറ്റു തടസ്സങ്ങള്‍ ഒന്നും തന്നെ നേരിട്ടില്ലെങ്കില്‍ ആഗസ്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 2008ല്‍ കാലാവധി പൂര്‍ത്തിയായ കാര്‍ഡുകളുടെ പുതുക്കല്‍ പ്രവര്‍ത്തനം 2013ലാണ് ആരംഭിച്ചത്. അപേക്ഷാ ഫോറത്തില്‍ കടന്നുകൂടിയ തെറ്റുകള്‍ കാരണം നാലു പ്രാവശ്യം അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു കാര്‍ഡുടമകള്‍. ലാമിനേഷന് ഉപയോഗിക്കുന്നത് നിരോധിത പ്ലാസ്റ്റിക്കാണെന്ന പരാതിയെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. കാര്‍ഡുകളുടെ പ്രിന്റിങ്ങും, മറ്റു പ്രവര്‍ത്തികളും സിഡിറ്റിനാണ് നല്‍കിയിരിക്കുന്നത്. 565887 കാര്‍ഡുകളാണ് ജില്ലയിലുള്ളത്. മഞ്ഞ, പിങ്ക്, നീല, വെള്ള എന്നങ്ങനെ നാല് നിറത്തിലുള്ള കാര്‍ഡുകളാണ് ഇക്കുറി പുറത്തിറങ്ങുക. എഎവൈ വിഭാഗത്തിന് മഞ്ഞ കാര്‍ഡും മുന്‍ഗണനാ വിഭാഗത്തിന് പിങ്കും മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് നീലയും മുന്‍ഗണനേതര വിഭാഗത്തിന് വെള്ളയും നിറമാണുണ്ടാകുക. പിഎച്ച്എച്ച്, എഎവൈ, എന്‍പിഎസ്, എന്‍പിഎന്‍എസ് എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് കാര്‍ഡുകളുണ്ടാവുക. ഇതില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പിഎച്ച്എച്ച്, എഎവൈ എന്നിവയെ മുന്‍ഗണനാവിഭാഗത്തിലും എന്‍പിഎസ്, എന്‍പിഎന്‍എസ് എന്നിവയെ മുന്‍ഗണനേതര വഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന എന്‍പിഎന്‍എസ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കലക്ടറുടെ ഉത്തരവുപ്രകാരം ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി ഇവര്‍ക്ക് നല്‍കുന്ന കാര്‍ഡുകളില്‍ സ്റ്റേറ്റ് പ്രയോരിറ്റി എന്ന സീല്‍പതിപ്പിക്കും. കണ്ണൂര്‍ താലൂക്കില്‍ 52462 മുന്‍ഗണനാ കാര്‍ഡുകളും 1158881 മുന്‍ഗണനേതര കാര്‍ഡുകള്‍ ഉണ്ട്. മറ്റു താലൂക്കുകളില്‍ യഥാക്രമം 54331, 112570, തലശ്ശേരി-56251, 98636, ഇരിട്ടി-31005, 44757 എന്നിങ്ങനെയാണ് കാര്‍ഡുകളുള്ളത്. മുന്‍ഗണനാ കാര്‍ഡുകളില്‍ ഏറ്റവും കൂടുതലുള്ളത് തളിപ്പറമ്പ് താലൂക്കിലാണ് കുറവ് കാര്‍ഡ് ഇരിട്ടിയിലും. ഏറ്റവും കൂടുതല്‍ കാര്‍ഡുടമകള്‍ ഉള്ളത് കണ്ണൂര്‍ താലൂക്കിലാണ്. കുറവ് ഇരിട്ടിയിലും. മുന്‍ഗണനാ മുന്‍ഗണനേതര പട്ടികയില്‍ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. അര്‍ഹരായ ഒട്ടേറെപേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി ആരോപണങ്ങളുണ്ടായി. അര്‍ഹതയുള്ളവര്‍ പട്ടികക്ക് പുറത്താകുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതിന്മേലുള്ള അന്വേഷണങ്ങള്‍ പ്രഹസനമായി മാറുകയായിരുന്നു. ഇതിന്മേല്‍ കിട്ടിയ പരാതിയില്‍ 90 ശതമാനവും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ളതായിരുന്നു. കാറും ബംഗ്ലാവും സര്‍ക്കാര്‍ ഉദ്യോഗമുള്ളവരും മുന്‍ഗണനാ പട്ടികയിലും ഒട്ടേറെ പാവപ്പെട്ടവര്‍ മുന്‍ഗണനേതര പട്ടികയിലുമുള്ള കാര്‍ഡുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. കരട് പട്ടിക ഗ്രാമസഭയില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും ഇത് പല പഞ്ചയത്തുകളിലും പ്രഹസനമാകുകയായിരുന്നു. പുതിയ വിവരങ്ങളടങ്ങിയ കാര്‍ഡുകള്‍ റേഷന്‍ വിതരണത്തിന് മാത്രമല്ല, സാധാരണക്കാര്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ക്ക് ആവശ്യമാണ്. പല അപേക്ഷകളിലും റേഷന്‍ കാര്‍ഡ് പ്രധാന രേഖയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവക്കെല്ലാം റേഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. തയ്യാറായ കാര്‍ഡുകള്‍ കയ്യില്‍കിട്ടിയാലെ തെറ്റുകള്‍ എത്രത്തോളം പറ്റിയെന്ന് പറയാന്‍ കഴിയൂ. കാര്‍ഡുകളില്‍ ഒട്ടേറെ തെറ്റുകള്‍ കയറിക്കൂടിയിട്ടുണ്ടെന്നും വിതരണം ചെയ്തതിന് ശേഷം തിരുത്താന്‍ അവസരമുണ്ടാകുമെന്നും അധികൃതര്‍ പറയന്നു. മുന്‍ഗണനാ വിഭാഗത്തില്‍ 50 രൂപയും മുന്‍ഗണനേതര വിഭാഗത്തില്‍ 100 രൂപയും കാര്‍ഡ് വിലയായി നല്‍കണം. ആദിവാസി വിഭാഗത്തിന് സൗജന്യമാണ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം അനിശ്ചിതമായി നീണ്ടുപോയ കാര്‍ഡുവിതരണം ഇനിയും നീളാന്‍ ഇടയാക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് കാര്‍ഡുടമകള്‍. 2003ല്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരമായിരുന്നു. ഇക്കുറി തെറ്റുകള്‍ ഉണ്ടാവരുതേ എന്നും കാര്‍ഡുടമകള്‍ ആശിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.