കാര്‍ഷിക വിപ്ലവം തീര്‍ത്ത് ഫാമിങ് കോര്‍പ്പറേഷന്‍

Tuesday 9 May 2017 9:17 pm IST

കരിമ്പു കൃഷിയിലൂടെ ഒരു വ്യവസായം പടുത്തുയര്‍ത്താമെന്ന വ്യാമോഹത്താല്‍ 1972--ല്‍ രൂപീകരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാനഫാമിങ് കോര്‍പ്പറേഷന്‍. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍പ്പെട്ട ചിതല്‍വെട്ടി, ചെരിപ്പിട്ടക്കാവ്, മുള്ളുമല, കുമരംകുടി എന്നീ നാല് എസ്റ്റേറ്റുകളും ചിതല്‍വെട്ടിയിലുള്ള ലാറ്റക്‌സ് സെന്‍ട്രിഫ്യൂജിങ് ഫാക്ടറിയുമാണ് കോര്‍പ്പറേഷന് കീഴിലുള്ളത്. മന്നം ഷുഗര്‍ മില്ലിനു വേണ്ടി കരിമ്പു കൃഷി ചെയ്യുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. എന്നാല്‍ കരിമ്പു കൃഷി പൂര്‍ണ്ണമായും ലാഭകരമല്ലാതായതോടെ 1982-ല്‍ റബ്ബര്‍ കൃഷിയിലേക്ക് ചുവടുമാറ്റം നടത്തി. 2360.77 ഹെക്ടറിലാണ് (ഏകദേശം 6000 ഏക്കര്‍) കോര്‍പ്പറേഷന് കൃഷിയുള്ളത്. എന്നാല്‍ റബ്ബറിന്റെ വിലയിടിവും, തൊഴില്‍ വേതനം ഏറുകയും ചെയ്തതോടെ കോര്‍പ്പറേഷന്‍ വൈവിധ്യവത്കൃതമായ കൃഷിയെ ആശ്രയിക്കുകയായിരുന്നു. 2013-ല്‍ സ്ഥാപനത്തിന്റെ സാരഥിയായി എത്തിയ മാനേജിംഗ് ഡയറക്ടര്‍ എല്‍. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും, തൊഴിലാളികളും ഒത്തുചേര്‍ന്ന് നടപ്പാക്കിയ നൂതന കൃഷി സമ്പ്രദായങ്ങള്‍ ഈ സ്ഥാപനത്തെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേയ്ക്ക് നയിക്കുകയായിരുന്നു. റബ്ബറിന് പുറമെ 298.56 ഹെക്ടറില്‍ കശുമാവ് കൃഷി, 92 ഹെക്ടറില്‍ കുരുമുളക്, തെങ്ങ്, കമുക്, വാഴ എന്നിവയും 1820.33 ഹെക്ടറില്‍ റബ്ബര്‍കൃഷിയുമാണ് ഇന്ന് ഉള്ളത്. ഏറ്റവുമൊടുവില്‍ കോര്‍പ്പറേഷന്‍ സ്വന്തമായി വെര്‍മി കമ്പോസ്റ്റ്, വെര്‍മിവാഷ്, പച്ചക്കറികള്‍, മത്സ്യകൃഷി, തീറ്റപുല്‍കൃഷി എന്നിവയിലും വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. കോര്‍പ്പറേഷന്‍ വിപണിയില്‍ എത്തിച്ച ഫാം ഹണി, വെര്‍മി കമ്പോസ്റ്റ്, വെര്‍മി വാഷ് എന്നിവ മാര്‍ക്കറ്റ് കീഴടക്കി കഴിഞ്ഞു. കാലാകാലങ്ങളില്‍ റബ്ബര്‍ റീപ്ലാന്റിംഗ് പ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് നൂതന കൃഷിരീതികള്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ചതെന്നും, എന്നാല്‍ തുടങ്ങിയ സംരംഭങ്ങള്‍ എല്ലാം വന്‍വിജയങ്ങള്‍ ആയി മാറിയതായും എം.ഡി. എല്‍.ഷിബുകുമാര്‍ പറയുന്നു. വരുംവര്‍ഷങ്ങളില്‍ ഹൈടെക് ഡയറിഫാം, ബഫല്ലോ ഫാം, പന്നി വളര്‍ത്തല്‍ എന്നിവയും ആരംഭിക്കും. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2503.29 ലക്ഷം രൂപയുടെ വരുമാനം കോര്‍പ്പറേഷന്‍ ഉണ്ടാക്കി. കോര്‍പ്പറേഷന്‍ അധികവരുമാനം നേടുന്നതിലേക്കായി ഇടവിള കൃഷിയായി വിവിധയിനം വാഴകള്‍ (ഏകദേശം രണ്ട് ലക്ഷത്തോളം) നടുകയും അതില്‍ നിന്നും ആദായം ലഭ്യമായിക്കൊണ്ടിരിക്കുകയുമാണ് ഇന്ന്. ദിനവും ലോഡുകണക്കിന് വാഴക്കുലകളാണ് ഇവിടെ നിന്നും വിപണിയിലേക്ക് കൊണ്ടുപോകുന്നത്. കാര്‍ഷിക സമൃദ്ധിയുടെ വസന്തം വിരിയുന്ന ഈ ഭൂപ്രദേശം ഫാം ടൂറിസത്തിന്റെ സാദ്ധ്യതകളും തേടുന്നുണ്ട്. വൈവിധ്യവല്‍കൃതമായ കൃഷിയിലൂടെയും മറ്റും നിലവിലുള്ള കഛട 9001 9001 ക്വാളിറ്റി സര്‍ട്ടിഫിക്കറ്റിനു പുറമെ പരിസ്ഥിതി സൗഹൃദ ഉല്‍പാദന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള കഛട 14001 സര്‍ട്ടിഫിക്കേഷനും ഈ സ്ഥാപനത്തിന് ലഭ്യമാകും. വൈവിധ്യവല്‍ക്കരണത്തിലൂടെ നഷ്ടകരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ കൂട്ടായ്മയിലൂടെ എങ്ങനെ വിജയിപ്പിക്കാമെന്ന് തെളിയിക്കുകയാണ് സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍. ജൈവകൃഷിക്ക് വെര്‍മി കമ്പോസ്റ്റും, വെര്‍മിവാഷും റബ്ബര്‍ മുഖ്യവിളയായി കൃഷി ചെയ്തുവന്ന ഫാമിങ് കോര്‍പ്പറേഷന്‍ വാഴ, അടയ്ക്ക, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷിയിലേക്ക് കൂടി തിരിഞ്ഞതോടെയാണ് പുതിയ സംരംഭമായി മണ്ണിര കമ്പോസ്റ്റ് വളവുമായി സംസ്ഥാന ഫാമിംങ് കോര്‍പ്പറേഷന്‍ കാര്‍ഷികവിപണിയില്‍ ഫാം വെര്‍മിയും, വെര്‍മിവാഷുമായി എത്തിയത്. ഫാമിങ് കോര്‍പ്പറേഷന്‍, കൃഷിവകുപ്പിന്റെ തന്നെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ജൈവകമ്പോസ്റ്റ് നിര്‍മ്മാണം ആരംഭിച്ചത്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായവുമുണ്ട്. മുള്ളുമല എസ്റ്റേറ്റിലാണ് മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേഷന്റെ തന്നെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പുല്ലും ചാണകവും വാഴകളുടേയും മറ്റും അവശിഷ്ടങ്ങളും, പച്ചിലയും ഉപയോഗിച്ചാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 40 ദിവസം കൊണ്ടാണ് അവശിഷ്ടങ്ങള്‍ ജൈവവളമായി മാറുന്നത്. ഉത്പാദിപ്പിക്കപ്പെട്ട ജൈവവളം കോര്‍പ്പറേഷന്റെ ആവശ്യം കഴിഞ്ഞുള്ളതാണ് വിപണിയില്‍ വില്‍ക്കുന്നത്. വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള കൃഷി വകുപ്പിന്റെ സ്ഥാപനങ്ങള്‍ വഴി ന്യായവിലയ്ക്ക് ജൈവകര്‍ഷകര്‍ക്ക് വിപണനം നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മുള്ളുമലയ്ക്ക് പുറമെ മറ്റ് എസ്റ്റേറ്റുകളിലും ജൈവകമ്പോസ്റ്റ് യൂണിറ്റുകള്‍ ആരംഭിക്കുവാനും പദ്ധതിയുണ്ട്. കാടിനുള്ളില്‍ മത്സ്യവളര്‍ത്തല്‍ കേന്ദ്രം കോര്‍പ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റില്‍ വിവിധ ഇനങ്ങളിലുള്ള മത്സ്യങ്ങളെ വളര്‍ത്തുവാനായി നാലു കുളങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കട്‌ല, രോഹു, ഗ്രാസ്‌കാര്‍പ്പ്, കരിമീന്‍, തിലോപ്പിയ ഇനങ്ങളിലെ മത്സ്യങ്ങള്‍ പുളച്ചുതിമര്‍ക്കുന്ന കാഴ്ച ഇവിടെ എത്തുന്നവര്‍ക്ക് കാണാം. ഫിഷറീസ് വകുപ്പിന്റെയും മത്സ്യകര്‍ഷകവികസന ഏജന്‍സിയുടേയും സഹായത്തോടെയാണ് ഇവിടെ ശുദ്ധജലമത്സ്യകൃഷി നടക്കുന്നത്. ഇവിടെ വളര്‍ത്തുന്ന മത്സ്യങ്ങളുടെ രണ്ടു ഘട്ടത്തിലുള്ള വിളവെടുപ്പ് നടന്നു കഴിഞ്ഞു. ഇതിന് തീറ്റ നല്‍കുവാനും, പരിപാലിക്കുവാനുമായി പ്രത്യേകം ജീവനക്കാരുമുണ്ട്. മധുരമൂറും ഫാം ഹണി റബ്ബറിന്‍തോട്ടങ്ങള്‍ക്കുള്ളില്‍ പെട്ടികള്‍ സ്ഥാപിച്ച് ശുദ്ധമായ തേന്‍ സംഭരിച്ച് വിപണനം നടത്തി ഫാമിങ് കോര്‍പ്പറേഷന്‍ തേനീച്ച വളര്‍ത്തല്‍ പദ്ധതിയ്ക്കും തുടക്കമിട്ടു.ആദ്യഘട്ടത്തില്‍ നാല് എസ്റ്റേറ്റുകളില്‍ ആയി 140 വീതം പെട്ടികളാണ് സ്ഥാപിച്ചത്. കഴിഞ്ഞ തേന്‍ ശേഖരണത്തില്‍ കാര്യമായ ആദായം ലഭ്യമായതോടെ കൂടുതല്‍ പെട്ടികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കോര്‍പ്പറേഷന്‍. ഇവിടെ നിന്നും ശേഖരിച്ച തേന്‍ 250,500, 1 കിലോ തൂക്കങ്ങളില്‍ കോര്‍പ്പറേഷന്‍ ലേബലില്‍ ''ഫാംഹണി'' എന്ന പേരില്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷതേടി ഫെന്‍സിംഗ് വേലികളും ചെണ്ടകൊട്ടും വനമേഖലയായതിനാല്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഫെന്‍സിംഗ് വേലികളും, കാട്ടാനകളേയും കാട്ടുപന്നികളേയും അകറ്റാന്‍ ചെണ്ടകൊട്ടുംമൊക്കെ ഇവിടെ അരങ്ങേറുന്നു. വന മദ്ധ്യത്ത് 200 ഹെക്ടറോളം വരുന്ന സ്ഥലത്തെ വാഴ, തെങ്ങ്, കമുക് തുടങ്ങി മറ്റു ചെറുകൃഷികളും സംരക്ഷിക്കാന്‍ ഇത്തരം സുരക്ഷാ വേലികളും, ചെണ്ടകൊട്ടും ആവശ്യമെന്നും ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നു. ആനയും കേഴകളും, കാട്ടുപന്നിയും, മയിലും, കാട്ടുപോത്തുകളും സദാ വ്യാപരിക്കുന്ന കാട്ടുപ്രദേശത്ത് വാഴകൃഷി എന്നത് ദുഷ്‌കരമാണ്. എന്നാല്‍ വാഴയിലെ നാടന്‍ ഇനങ്ങളായ ഞാലിപ്പൂവന്‍, ഏത്തന്‍, റോബസ്റ്റ, കദളി, കപ്പ എന്നിങ്ങനെ ഇവിടെ ഉണ്ടാകുന്ന വാഴക്കുലകള്‍ ഇന്ന് വിപണിയില്‍ ഏറെ പ്രിയങ്കരമായി മാറിക്കഴിഞ്ഞു. മലമടക്കുകളില്‍ തെങ്ങും വാഴയും റബ്ബറും ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കാഴ്ച നയനമനോഹരമാണ്. എസ്റ്റേറ്റുകളിലൂടെയുള്ള നീര്‍ച്ചോലകളും മറ്റും കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നു. അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് തീറ്റപ്പുല്ലും വളരുന്നു. പ്രത്യേക ചെലവുകളോ, പരിചരണമോ ആവശ്യമില്ലാത്ത തീറ്റപുല്‍ വളര്‍ത്തല്‍ ഏറെ ആദായം നല്‍കുന്നതായും, ഒരിക്കല്‍ വിതച്ചുപരിപാലിച്ചാല്‍ വര്‍ഷങ്ങളോളം വിളവെടുക്കാം. കാര്യമായ കീടബാധയില്ല. നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങുന്ന കൃഷിയാണ് എന്നതിനാലും ഉയര്‍ന്ന ഉത്പാദനമാണ് ഇവിടെ നിന്നും ഉണ്ടാകുന്നത്. വനനടുവില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് വൈവിധ്യവത്കരണത്തിലൂടെ നഷ്ടത്തില്‍ ആയിരുന്ന സ്ഥാപനത്തെ ലാഭത്തിലാക്കിയ കഥയാണ് സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന് പറയുവാനുള്ളത്. കേരളത്തില്‍ ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എട്ടു പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്ന് ഫാമിങ് കോര്‍പ്പറേഷന്‍.