അരൂര്‍ പള്ളി-കോട്ടപ്പുറം റോഡ് തകര്‍ന്നു

Tuesday 9 May 2017 9:15 pm IST

അരൂര്‍: അരൂര്‍ പള്ളി-കോട്ടപ്പുറം റോഡ് സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ഈ റോഡുവഴിയുള്ള സഞ്ചാരം അനിശ്ചിതകാലത്തേക്ക് ഉപേക്ഷിച്ചാണ് സമരം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നു മുതലാണ് സമരം ആരംഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരു വര്‍ഷത്തിലധികമായി ഈ റോഡ് തകര്‍ന്ന് തരിപ്പണമായിട്ട്. കാല്‍നട യാത്രികര്‍ക്കു പോലും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ റോഡ്. റോഡ് അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതുവരെയും അതിന് ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകാത്തില്‍ പ്രതിഷേധിച്ചാണ് ഇതു വഴി ഓട്ടം നിര്‍ത്തി പ്രതിഷേധിക്കുവാന്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. രണ്ടു കിലോ മീറ്ററിലധികം ദൂരമുള്ള റോഡാണിത്. അരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിന്റെ കായലോരത്താണ് അരൂര്‍ പള്ളി-കോട്ടപ്പുറം റോഡിന്റെ കൈവഴികളില്‍ പലതും അവസാനിക്കുന്നത്. മത്‌സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ് ഈ റോഡ്. ചെറുതും വലുതുമായി നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി സഞ്ചരിക്കുന്നത്. നൂറുകണക്കിന് കുണ്ടും കുഴികളുമുള്ള ഈ റോഡ് അടുത്ത മഴക്കാലത്തിന് മുന്‍പായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ കുഴികളുടെ എണ്ണവും വിസ്തൃതിയും വര്‍ദ്ധിക്കുന്നതോടൊപ്പം കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.