അണക്കെട്ടുകളിലെ ജലനിരപ്പ് കരുതല്‍ ശേഖരത്തിലേക്ക്

Tuesday 9 May 2017 10:21 pm IST

മലമ്പുഴ: അടുത്തിടെ വേനല്‍മഴ പെയ്‌തെങ്കിലും ജില്ലയിലെ അണക്കെട്ടുകളിലെജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എല്ലാ അണക്കെട്ടുകളിലെയും വെള്ളം കരുതല്‍ ശേഖരത്തിലേക്ക് അടുക്കുകയാണ്. മലമ്പുഴയില്‍ ഈ വേനലില്‍ ലഭിച്ചത് 77.7 മില്ലീമീറ്റര്‍ മഴ മാത്രമാണ്. അണക്കെട്ട് പരിസരത്ത് രേഖപ്പെടുത്തിയ കൂടിയചൂട് 38.2 ഡിഗ്രിയും. നിലവില്‍ അണക്കെട്ടില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ദിവസം 250 ക്യുസെക്‌സ് എന്നഅളവില്‍ ആറു ദിവസത്തേക്കാണ് വെള്ളം കൊടുക്കുക.ആകെ നാലു മില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഭാരതപ്പുഴയിലേക്ക് നല്‍കുക. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് ഇത് ഏറെ ഗുണകരമാവും. വെള്ളമില്ലാത്തതിനാല്‍ നിലവില്‍ പല കുടിവെള്ള പദ്ധതികളും നിര്‍ജീവമാണ്. കുടിവെള്ളത്തിനുള്ള ശേഖരം മാത്രമേ ഇനി അവശേഷിക്കുകയുള്ളൂ. ഒന്നാം വിളയ്ക്ക് സാധാരണ അണക്കെട്ടുകളില്‍ നിന്ന് വെള്ളം നല്‍കാറില്ലെങ്കിലും ഇത്തവണ ആവശ്യമായി വരുമോയെന്ന് ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ വെള്ളം വിട്ടുകൊടുക്കാനാവില്ല. കനത്തചൂടില്‍ ബാഷ്പീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചതിനാല്‍ ജലനിരപ്പ് വേഗത്തില്‍ താഴുകയാണ്. മലമ്പുഴ ഉള്‍പ്പെടെ ഏഴ് അണക്കെട്ടിലും സംഭരണശേഷിയുടെ ഏഴയലത്തുപോലും വെള്ളമില്ല.അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിച്ച് മഴക്കാലത്ത് കൂടുതല്‍ വെള്ളം ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഏറെ ഗുണകരമാവും. മാത്രമല്ല, അണക്കെട്ടുകളില്‍ നിന്ന് മണലെടുത്ത്‌വില്‍പ്പനനടത്തിയാല്‍ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരമുണ്ടാവുന്നതിനൊപ്പം സര്‍ക്കാരിന് നല്ല വരുമാനവുമാകും. ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടുകളിലും ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്.11.30 ദശലക്ഷംഘനമീറ്റര്‍ ശേഷിയുള്ള മീങ്കര ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 1.178 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്.13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 0.983 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയുള്ള വാളയാര്‍ അണക്കെട്ടിലാവട്ടെ 3.034 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേയുള്ളൂ. ഇവയൊക്കെ കരുതല്‍ ശേഖരത്തിലേക്ക് അടുക്കുകയാണ്. നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പോത്തുണ്ടി അണക്കെട്ടില്‍ ഇനി 1.728 ദശലക്ഷം ഘനമീറ്റര്‍ വെളളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം .860 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ പോത്തുണ്ടി അണക്കെട്ടു പരിസരത്ത് ലഭിച്ചത് 116 മില്ലീമീറ്റര്‍ മഴയാണ്. 50.914 ദശലക്ഷം ഘനമീറ്ററാണ് പോത്തുണ്ടിയിലെപരമാവധി ശേഷി. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 25.34 ശേഷിയുള്ള മംഗലം ഡാമില്‍ 2.188 ദശലക്ഷംഘനമീറ്റര്‍ വെള്ളമേയുള്ളു.708278 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള കാഞ്ഞിരപ്പുഴയിലാവട്ടെ 11.4706 ദശലക്ഷംഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.