മെട്രോ; കൊച്ചിയില്‍ കൂട്ടില്ല

Tuesday 9 May 2017 10:54 pm IST

കൊച്ചി: ദല്‍ഹി മെട്രോയുടെ ടിക്കറ്റ് നിരക്ക് കൂട്ടിയെന്ന് കരുതി കൊച്ചിക്കാര്‍ പേടിക്കേണ്ട. കൊച്ചി മെട്രോ സര്‍വീസിന് നേരത്തെ നിശ്ചയിച്ച നിരക്കുകള്‍ തന്നെയായിരിക്കും കെഎംആര്‍എല്‍ ഈടാക്കുക. 10 രൂപ മുതല്‍ 60 വരെയാണ് ടിക്കറ്റ് നിരക്ക്. രണ്ടുകിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കാണ് 10 രൂപ. രണ്ടുമുതല്‍ അഞ്ചുകിലോമീറ്റര്‍ വരെ 20 രൂപയാണ് നിരക്ക്. അഞ്ചുമുതല്‍ 10വരെ 30 രൂപയും 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 40 രൂപയും നല്‍കണം. 15 മുതല്‍ 20 കിലോമീറ്റര്‍ വരെ 50 രൂപയാണ് നിരക്ക്. 20 മുതല്‍ 25 കിലോമീറ്റര്‍ വരെ 60 രൂപയുമാണ് നിരക്ക്. ദല്‍ഹി മെട്രോയുടെ മിനിമം നിരക്ക് എട്ടുരൂപയായിരുന്നു. ഇതാണ് കഴിഞ്ഞദിവസം 10 രൂപയായി നിശ്ചയിച്ചത്. എന്നാല്‍, ഇതേ നിരക്ക് കൊച്ചി മെട്രോയ്ക്ക് കെഎംആര്‍എല്‍ ആറുമാസം മുമ്പ് നിശ്ചയിരുന്നു. അതുകൊണ്ടുതന്നെ തീവണ്ടി സര്‍വീസ് തുടങ്ങുമ്പോള്‍ ഇനി നിരക്ക് കൂട്ടാനാവില്ല. മെട്രോ സര്‍വീസ് ലാഭകരമായില്ലെങ്കില്‍ ഭാവിയില്‍ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം മെട്രോ റെയില്‍ ഓടുക. ഇത്രയും ദൂരം യാത്രചെയ്യാന്‍ നിലവിലുള്ള നിരക്കനുസരിച്ച് 40 രൂപ നല്‍കണം. രണ്ടാംഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള അഞ്ചുകിലോമീറ്ററിലും മെട്രോ സര്‍വീസ് തുടങ്ങുക. ജൂണ്‍ മുതല്‍ രണ്ടാംഘട്ട യാത്ര തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെ 50 രൂപയായിരിക്കും നിരക്ക്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണ് ആദ്യഘട്ടത്തില്‍ മെട്രോ റെയിലെത്തുന്ന സ്‌റ്റേഷനുകള്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയാണ് നിര്‍ദിഷ്ട മെട്രോ റെയില്‍. ഇതിനിടയില്‍ 23 സ്‌റ്റേഷനുകളുണ്ട്. മെട്രോ യാത്രയ്ക്കായി കൊച്ചി വണ്‍ കാര്‍ഡ് എന്ന സ്മാര്‍ട്ട് ടിക്കറ്റ് ഇറക്കുന്നുണ്ട്. ഇതുപയോഗിച്ച് ബസിലും ഓട്ടോയിലും തുടര്‍ യാത്ര നടത്താന്‍ ആകും. കൂടാതെ മൊബൈല്‍ ഫോണില്‍ സ്മാര്‍ട്ട് ടിക്കറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതാല്‍ സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാനാകും. കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.