സമഗ്ര വികസനം: രൂപരേഖയുമായി അബ്ദുള്‍കലാം സെന്റര്‍

Tuesday 9 May 2017 10:55 pm IST

കൊച്ചി: ജില്ലയുടെ സമഗ്രവികസനത്തിന് രൂപരേഖയുമായി ഡോ. എ.പി.ജെ അബ്ദുല്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്. നഗരത്തിലെ വിവിധ ഏജന്‍സികളെയും വ്യാപാരി സംഘടനകളെയും സന്നദ്ധസംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും കൂട്ടായ്മയിലാണ് ജില്ലയുടെ വികസനത്തിനായി രൂപരേഖ തയ്യാറാക്കിയത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും സംഘടനയുടെ പ്രസിഡന്റുമായ ഡോ. ജി മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പറവൂര്‍ ചേന്ദമംഗലം കൈത്തറി മേഖല ചെറായി ടൂറിസ്റ്റു കേന്ദ്രം വികസിപ്പിക്കാന്‍, കുനത്ത്കാവ് - പിറവം വികസനം, ആലുവ ഗതാഗതക്കുരുക്ക്, പെരിയാര്‍ മാലിന്യം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. ബ്രോഡ്വെയിലെ വ്യാപാരികളുടെ ബുദ്ധിമുട്ടും ഗോശ്രീ റോഡ്, പച്ചാളം വികസനവും അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രാത്രികാലങ്ങളിലെ ഗതാഗത സൗകര്യം, ബിസിനസ് അടിസ്ഥാനസൗകര്യ വികസനം, വരാപ്പുഴ പാലത്തിലെ അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു. കനാലുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈറ്റില മേല്‍പ്പാലം, ബോട്ട് ഗതാഗതം, ബ്രഹ്മപുരം പ്ലാന്റ്, ഫാക്ട്, റിഫൈനറി, ഐ.ഒ.സി. മേഖലകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും നിരവധി നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു. ജില്ലയുടെ വികസനത്തിനായി ഉപദേശകസമിതി രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രൂപരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമര്‍പ്പിക്കും. പിന്നീട് എല്ലാ ജില്ലകളിലെയും വികസന രൂപരേഖ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കും. ബിജെപി ജില്ലാ പ്രസിഡന്റ്് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഇന്ദിര രാജന്‍, ടി.എന്‍. ശങ്കരന്‍ കുട്ടി, കെ.എസ്. ശൈലേന്ദ്രനാഥ്, കെ. രാമാമൃതം, കെ.എം. സി.സി. ട്രഷറര്‍ പി. രമേശ്, സി.ജി. രാജഗോപാല്‍, കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.