മെഡിക്കല്‍ പ്രവേശനം: ഫീസ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി

Tuesday 9 May 2017 11:36 pm IST

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം നീറ്റ് മെരിറ്റിനെ അടിസ്ഥാനപ്പെടുത്തിയാകുന്നതോടെ ഫീസ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രവേശനം നീറ്റ് മെരിറ്റില്‍ നിന്നാകുന്നതോടെ മാനേജ്‌മെന്റ് സീറ്റ്, മെരിറ്റ് സീറ്റ് എന്നീ വേര്‍തിരിവുകള്‍ ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും. മുന്‍ വര്‍ഷത്തെ ഫീസായ 25,000 രൂപയിലും രണ്ടരലക്ഷത്തിലും നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാകുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ആരോഗ്യവകുപ്പ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കും. നീറ്റ് വരുന്ന സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് മികച്ചതാണ് എന്നാണ് അഭിപ്രായമെങ്കിലും ഇത് അന്തിമമല്ല. വിഷയം ചര്‍ച്ചചെയ്യുന്നതിന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഇനിയും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഓര്‍ഡിനന്‍സിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. കേസ് സര്‍ക്കാര്‍ നല്ല നിലയില്‍ വാദിക്കും. കോടതി വിധി എന്താണെന്ന് ഊഹിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി പ്രകാരം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. ഇവിടങ്ങളില്‍ 650 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തോന്നുന്നിടത്തെല്ലാം മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുക സര്‍ക്കാര്‍ നയമല്ല. ഇടുക്കി മെഡിക്കല്‍ കോളേജ് രണ്ടു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. മെഡിക്കല്‍ കോളേജ് തുറന്നിട്ട് ക്‌ളിനിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കാതെ ക്‌ളാസുകള്‍ തുടങ്ങിയതുകൊണ്ടാണ് കുട്ടികളെ മറ്റു കോളേജുകളിലേക്കു മാറ്റിയത്. അഞ്ച് മെഡിക്കല്‍ കോളേജുകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 400 കോടി കിഫ്ബിയില്‍പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്ത് കരള്‍മാറ്റത്തിന് വേണ്ടത്ര സൗകര്യമൊരുക്കാതെയാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പരാജയപ്പെട്ടത് അതുകൊണ്ടാണ്. ആശുപത്രികളിലെ ഒപികള്‍ രോഗിസൗഹൃദമാക്കും. ഈവര്‍ഷം 2000 അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ചുനല്‍കും. അംഗനവാടി കുട്ടികള്‍ക്ക് യൂണിഫോം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.