കുടിവെള്ള വിതരണം ഇനിയും എത്രനാള്‍?

Wednesday 10 May 2017 10:14 am IST

പരപ്പനങ്ങാടി: വരള്‍ച്ചബാധിത പ്രദേശങ്ങളിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇനി എത്രനാള്‍ കുടിവെള്ളം വിതരണം ചെയ്യാനാകും എന്ന ആശങ്കയിലാണ് ജല അതോറിറ്റി. പരപ്പനങ്ങാടി നഗരസഭയിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്ന പാലത്തിങ്ങല്‍ പുഴ പൂര്‍ണമായും വറ്റിയതിനാല്‍ ഈ ആഴ്ച മുഴുവന്‍ പമ്പിംങ് നടത്താനാകുമോയെന്ന സംശയത്തിലാണ് ജല അതോറിറ്റി. ഇവിടെ നിന്ന് നല്‍കുന്ന വെള്ളം കിട്ടാതായാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള വിതരണം മുട്ടും. ചേളാരി ജല അതോറിറ്റി ശുദ്ധജല വിതരണ പ്ലാന്റില്‍ നിന്നും അഞ്ച് പഞ്ചായത്തിലേക്കാണ് കുടിവെള്ളം ടാങ്കറില്‍ വിതരണം ചെയ്യുന്നത് പൈപ്പ് വഴിയുള്ള ജലവിതരണ ശൃംഖലക്ക് പുറമെയാണിത്. വള്ളിക്കുന്ന്, ചേലേമ്പ്ര, തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളുര്‍ പഞ്ചായത്തുകളിലേക്ക് പ്രധാനമായും ഇവിടെ നിന്നുമുള്ള ജലവിതരണത്തെയാണ് ആശ്രയിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ടാങ്കറുകളില്‍ വെള്ളം നിറച്ച് നല്‍കിയിട്ടും അഞ്ച് പഞ്ചായത്തുകളുടെ ദാഹം തീരുന്നില്ല. ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത് എട്ട് കിലോമീറ്റര്‍ അകലെയുള്ള പാറക്കടവ് പമ്പ് ഹൗസില്‍ നിന്നുമാണ്. കൊടിയ വേനലില്‍ കടലുണ്ടിപ്പുഴ വറ്റിവരണ്ടിരിക്കുകയാണ്. പമ്പ് ഹൗസ് കിണറിലേക്കുള്ള നീരൊഴുക്ക് ഇപ്പോള്‍ മുപ്പത് സെന്റി മീറ്ററില്‍ താഴെയാണ്. 150 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് ഇനി എത്ര നാള്‍ പമ്പ് ചെയ്യാനാകും എന്നറിയില്ല. ശക്തമായ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വരും നാളുകളിലെ കുടിവെളള വിതരണം പൂര്‍ണ്ണമായും മുടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. വേനലിന്റെ തീവ്രതയില്‍ പുഴയുടെ അടിത്തട്ട് വെളിപ്പെട്ടിട്ടുണ്ട്. പുഴയില്‍ ശേഷിക്കുന്ന വെള്ളം എത്ര ദിവസത്തേക്ക് എന്നതാണ് ചോദ്യചിഹ്നമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.