കാത്തിരിപ്പിനൊടുവില്‍ പുതിയ റേഷന്‍ കാര്‍ഡ് എത്തുന്നു

Wednesday 10 May 2017 10:19 am IST

മലപ്പുറം: കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ എത്തുന്നു. ജൂലൈ മുതല്‍ വിതരണം ആരംഭിക്കും. മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നാലുതരം കാര്‍ഡുകളാണ് വിതരണത്തിന് തയ്യാറാകുന്നത്. അന്തിമ ലിസ്റ്റ് പ്രകാരം ജില്ലയില്‍ 8,32,009 കാര്‍ഡുകളാണ് വിതരണം ചെയ്യേണ്ടത്. മുന്‍ഗണനാ വിഭാഗത്തില്‍ 3,38,804, മുന്‍ഗണന എഎവൈ പദ്ധതിയില്‍ 53,319, മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ 3,35,699, മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവയില്‍ 1,04,187 കാര്‍ഡുകളുമാണ് ജില്ലയിലുള്ളത്. നാല് വിഭാഗത്തിലും കൂടുതല്‍ കാര്‍ഡുകള്‍ തിരൂര്‍ താലൂക്കിലാണ്. മുന്‍ഗണന വിഭാഗം-79,546, മുന്‍ഗണന എഎവൈ- 53,319, മുന്‍ഗണനേതര സബ്‌സിഡി- 68,675, മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവ- 17,658. ജില്ലയിലെ പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള അന്തിമ ലിസ്റ്റ് മാര്‍ച്ച് രണ്ടിനാണ് സമര്‍പ്പിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് കാര്‍ഡുകള്‍ തയ്യാറാക്കുന്നത്. അന്തിമ ലിസ്റ്റ് സമര്‍പ്പിച്ചതിനുശേഷവും ലഭിച്ച പരാതികളും ആക്ഷേപങ്ങളും കാര്‍ഡ് ലഭിച്ചതിനുശേഷമേ പരിഗണിക്കാന്‍ സാധിക്കുവെന്നും കാര്‍ഡുകളുടെ പ്രിന്റിങ് നടക്കുന്നതിനാല്‍ പരാതികളും അക്ഷേപങ്ങളും പരിഗണിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും ജില്ലാ സപ്‌ളൈ ഓഫീസര്‍ പി കെ വത്സല പറഞ്ഞു. മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇറക്കുന്ന പുതിയ കാര്‍ഡുകള്‍ നാലുതരമാണ്. നിലവില്‍ നീല, പിങ്ക് നിറങ്ങളാണുള്ളത്. കൂടാതെ വെള്ള, മഞ്ഞ നിറങ്ങളിലെ കാര്‍ഡുകളും ഇറങ്ങും. മുന്‍ഗണന എഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മഞ്ഞ, മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് പിങ്ക്, മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ നീല, മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ വെള്ള എന്നീ നിറങ്ങളിലാണ് കാര്‍ഡുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.