ദര്‍ശനപുണ്യമേകി ചിത്രാപൗര്‍ണ്ണമി മഹോത്സവം

Thursday 18 May 2017 9:52 pm IST

മംഗളാദേവിയിലെത്തിയ ഭക്തജനങ്ങള്‍ –                        വി.ബി ശിവപ്രസാദ്

കുമളി(ഇടുക്കി): മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന് എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശന പുണ്യം നേടി. വനമധ്യത്തിലെ പുരാതന ക്ഷേത്രമായ മംഗളാദേവിയില്‍ തമിഴ്-കേരള രീതിയിലുള്ള ആചാരങ്ങളിലാണ് പൂജകള്‍ നടന്നത്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായി ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. രാവിലെ ആറുമുതല്‍ ഭക്തര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുതുടങ്ങി.

കുമളിയില്‍ നിന്നു മംഗളാദേവിയിലേക്ക് ട്രിപ്പ് ജീപ്പുകള്‍ സര്‍വ്വീസ് നടത്തി. മുന്നൊരുക്കങ്ങളിലെ താളപ്പിഴ മൂലം ജീപ്പ് കിട്ടാതെ ഏറെ നേരം ഭക്തജനങ്ങള്‍ക്ക് കാത്ത് നില്‍ക്കേണ്ടി വന്നു.
ഉച്ചയോടെ ആയിരത്തോളം ഭക്തര്‍ക്ക് ആഹാരവുമായി ദേവസ്വം ബോര്‍ഡിന്റെ വാഹനമെത്തി. വനംവകുപ്പ് ഈ വാഹനം തടഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജില്ലാകളക്ടറുമായി സംസാരിച്ചെങ്കിലും വാഹനം കയറ്റിവിടാന്‍ നടപടിയുണ്ടായില്ല. ആലോചനാ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചില്ലെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്.

ആഹാരവുമായി എത്തിയ വാഹനം മടക്കിവിടുകയാണുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ആഹാരം മംഗളാദേവിയില്‍ വിതരണം ചെയ്യുന്നതിന് തടസം വാദം ഉന്നയിച്ചതുമില്ല.
ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ പ്രദേശത്ത് കനത്ത മഴയുണ്ടായി. ഇതോടെ ഭക്തര്‍ തിരികെ കുമളിയിലെത്താന്‍ ഏറെ ബുദ്ധിമുട്ടി. മുന്‍വര്‍ഷത്തെക്കാള്‍ ഏറെ ഭക്തജനങ്ങള്‍ മംഗളാദേവിയില്‍ എത്തിയതായി ജില്ലാഭരണകൂടം അറിയിച്ചു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ 426 പോലീസ് ഉദ്യോഗസ്ഥര്‍ നാല് ഡിവിഷനുകളായി തിരിഞ്ഞ് സുരക്ഷ ഒരുക്കി.

വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ജല അതോറിറ്റി, റവന്യൂ, ശുചിത്വമിഷന്‍ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ജില്ലാഭരണകൂടം സൗകര്യങ്ങള്‍ ഒരുക്കിയത്. ആരോഗ്യവകുപ്പ് താല്‍ക്കാലിക ഡിസ്‌പെന്‍സറികളും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.