നാച്വറല്‍ ഫാമിങ് ദേശീയസമ്മേളനം സമാപിച്ചു

Thursday 18 May 2017 9:52 pm IST

ബംഗളൂരുവില്‍ ആരംഭിച്ച ആര്‍ട്ട് ഓഫ് ലിവിങ് നാച്വറല്‍ ഫാമിങ് ദേശീയ സമ്മേളനം ശ്രീശ്രീ രവിശങ്കര്‍ ഉത്ഘാടനം ചെയ്യുന്നു

ബംഗളൂരു: പ്രകൃതിദത്ത കൃഷിസമ്പ്രദായങ്ങളെക്കുറിച്ചുള്ള അതിനൂതനവും കാലാനുസൃതവുമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ട്‌വെച്ച് ബംഗളൂരിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ ആസ്ഥാനത്തു നടത്തിയ നാച്വറല്‍ ഫാമിങ് ദേശീയ സമ്മേളനം സമാപിച്ചു.

ആര്‍ട് ഓഫ് ലിവിങ് ഓര്‍ഗനൈസേഷന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീശ്രീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ദേശീയ സമ്മേളനം നടത്തിയത്. സമ്മേളനം ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീരവിശങ്കര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ എല്ലാവരും മൂന്നോട്ടുവരണമെന്ന് ശ്രീശ്രീ ആവശ്യപ്പെട്ടു. രാസവളങ്ങളും കീടനാശിനികളുമുപയോഗിച്ചാല്‍ മാത്രമേ നല്ലവിളവ് ലഭിക്കൂവെന്ന വിശ്വാസം നിലനില്‍ക്കുന്ന കാലത്ത് പ്രകൃതിക്കനുയോജ്യമായ കാര്‍ഷിക സംസ്‌കാരം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ശ്രീശ്രീ ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശ് കൃഷിമന്ത്രി എ. എസ്. ചന്ദ്ര മോഹന്‍ റെഡ്ഡി, ഇന്തോനേഷ്യയില്‍ തദ്ദേശീയ ഭക്ഷ്യോത്പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇബു ഹിലിയാന്റി ഹില്‍മാന്‍, തെലുങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഭാവിക കൃഷിസമ്പ്രദായം ഇന്ന് നേരിടുന്ന മനുഷ്യ നിര്‍മിത പ്രകൃതിജന്യ ഭീഷണികളും അവ ചെറുക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.