കൊട്ടിയൂര്‍ പ്രാക്കുഴം ഇന്ന്

Wednesday 10 May 2017 9:15 pm IST

കൊട്ടിയൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങുകളിലൊന്നായ പ്രാക്കുഴം ഇന്ന് നടക്കും. വൈശാഖ ഉത്സവ ചട്ടങ്ങളും കര്‍മ്മങ്ങളും അളവുകളും നാളുകളും നിശ്ചയിക്കുന്ന പ്രധാന ചടങ്ങാണിത്. ഇതിന്റെ ഭാഗമായി നടത്തുന്ന ദൈവത്തെ കാണല്‍ എന്ന ചടങ്ങ് കഴിഞ്ഞ ദിവസം മണത്തണയില്‍ നടന്നു. വാകയാട്ട് പൊടിക്കളത്തില്‍വെച്ചാണ് ഈ ചടങ്ങ് നടന്നത്. സ്ഥാനികരായ ഒറ്റപ്പിലാന്‍, കാടന്‍ തുടങ്ങിയ കുറിച്യ സമുദായ സ്ഥാനികരും ക്ഷേത്ര അടിയന്തര യോഗക്കാരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും ആയില്ല്യാര്‍ കാവിലുമാണ് ഇന്ന് പ്രാക്കുഴം ചടങ്ങുകള്‍ നടക്കുക. അവില്‍ അളവ്, അരിയളവ് എന്നിവ ഇക്കരെ ക്ഷേത്രത്തിലേ കൂത്തോട് എന്ന സ്ഥലത്തും നെല്ലളവ് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍വെച്ചും നടത്തും. ഇക്കരെ ക്ഷേത്ര സന്നിധാനത്തും, മന്ദംചേരിയില്‍ അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുമായി ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്ന് തണ്ണീര്‍കുടി എന്ന ചടങ്ങ് നടത്തും. രാത്രി ഇക്കരെ ക്ഷേത്രത്തിനു സമീപത്തെ ആയില്യാര്‍ കാവില്‍ ഗൂഡപൂജകള്‍ നടത്തും. ആചാരപ്രകാരം അനുവദിക്കപ്പെട്ട സ്ഥാനികര്‍ മാത്രമേ ആയില്യാര്‍ കാവിലെ ഗൂഡപൂജയില്‍ പങ്കെടുക്കൂ. ചടങ്ങിനു വേണ്ടുന്ന അവില്‍, കാക്കയങ്ങാട് പാല നരഹരിപ്പറമ്പ് നരസിംഹമൂര്‍ത്തീ ക്ഷേത്രത്തില്‍നിന്നും വ്രതശുദ്ധിയോടെ അമ്മമാരുടെ 11 അംഗ സംഘം തയ്യാറാക്കി ഇന്നലെ കൊട്ടിയൂരിലെത്തിച്ചു. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച നെല്ലാണ് കഴുകി ഉണക്കി മണ്‍പാത്രത്തില്‍ വറുത്തെടുത്ത് ഉരലില്‍ ഇടിച്ച് തയ്യാറാക്കിയത്. 25വര്‍ഷമായി അവല്‍ തയ്യാറാക്കി എത്തിക്കുന്നത് ഈ ക്ഷേത്രത്തില്‍ നിന്നാണ്. ഇന്നത്തെ ചടങ്ങുകള്‍ക്കാവശ്യമായ നെയ്യ് കുറ്റ്യേരി തറവാട് സ്ഥാനീകന്‍ മാലൂര്‍പടി ക്ഷേത്രത്തില്‍ നിന്നും എത്തിച്ചു. ആയില്യാര്‍ കാവിലെ ചടങ്ങുകള്‍ക്കാവശ്യമായ നെയ്യ് മാലൂര്‍പടി ക്ഷേത്രത്തില്‍ നിന്നാണ് എത്തിക്കാറ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.