കോടികളുടെ വായ്പാ തട്ടിപ്പ് : പ്രൊഫസര്‍ അറസ്റ്റില്‍

Wednesday 10 May 2017 9:15 pm IST

വളപട്ടണം: കോടികളുടെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട വനിതാ പ്രൊഫസറെ വളപട്ടണം പോലീസ് അറസ്റ്റുചെയ്തു. വളപട്ടണം സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്നും പത്തുകോടി അറുപതുലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതിയായ മുഹമ്മദ് ജസീലിന്റെ ഭാര്യയും തളിപ്പറമ്പ് സര്‍സയിദ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുമായ നാറാത്ത് ആലിങ്കില്‍ സ്വദേശി പി.വി.മുംതാസ് (35)നെയാണ് ഡിവൈഎസ്പ് സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വളപട്ടണം സര്‍വ്വീസ് സഹകരണ ബേങ്ക് മന്ന ബ്രാഞ്ച് മാനേജറായിരുന്നു മുഹമ്മദ് ജസില്‍. സംഭവത്തില്‍പോലീസ് കേസെടുത്തതോടെ വിദേശത്തുകടന്ന ജസീലിനെ ഇന്നേവരെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. 2008-13 കാലയളവിലാണ് ബാങ്കില്‍ വന്‍തിരിമറി നടന്നത്. മുംതാസിന്റെ പേരില്‍ മന്ന ബ്രാഞ്ചില്‍നിന്നും 15 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചത് വ്യാജരേഖ ചമച്ചാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംതാസിനെ കേസില്‍ പ്രതിചേര്‍ത്തത്. ഇവരുടെ പിതാവ് മുഹമ്മദിന് ആദ്യം പത്ത് ലക്ഷം രൂപയും പിന്നീട് 25 ലക്ഷം രൂപയും വായ്പ നല്‍കി. മൂന്ന് ലക്ഷം രൂപ മാത്രം വിലമതിക്കുന്ന ഭൂമി പണയം വെച്ചാണ് ഇത്രയേറെ രൂപ വായ്പയെടുത്തത്. ഇതേ സ്ഥലത്തിന്റെ ഫോട്ടോ കോപ്പികള്‍ ഹാജരാക്കിയാണ് മുംതാസിന്റെ പേരിലും വായ്പയെടുത്തത്. ജസീലും ഭാര്യയും പിതാവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുംതാസിനെ അറസ്റ്റുചെയ്തത്. തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡണ്ട് ടി.സെയ്ഫുദീന്‍, സെക്രട്ടറി എം.വി.ഹംസ, മുന്‍ ഡയറക്ടര്‍മാരായ ഷുക്കൂര്‍ ഹാജി, എം.പി.സിദ്ദിഖ്, കെ.എന്‍.താജുദ്ദീന്‍, വി.കെ.കൃഷ്ണന്‍, പി.ഇസ്മയില്‍, എന്നവരെയും ഏഴ് ജീവനക്കാരെയും പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. വടകര സ്വദേശിനി നൂര്‍ജഹാന്റെ പരാതിയിലായിരുന്നു 2016 നവംബര്‍ 11ന് ഇവരെ അറസ്റ്റുചെയ്തത്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.