മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതിന്റെ മറവില്‍ അഴിമതിയ്ക്ക് നീക്കം

Wednesday 10 May 2017 9:44 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായി ആരോപണം ഉയരുന്നു. ദേശീയ സംസ്ഥാന പാതയോരത്ത് നിന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം നെല്ലിമലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിന്നും കടമുറി നല്‍കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നല്‍കാന്‍ തയ്യാറായ കെട്ടിടങ്ങള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. ഇതിനിടയില്‍ പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം ഔട്ട്  ലെറ്റ് തുടങ്ങി. ഇതിനായി പീരുമേട് ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് സ്ഥാപനം നടത്തുന്നതിനായി വാങ്ങിയിരുന്നുമില്ല. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. പരുന്തുംപാറയില്‍ ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതി നടന്നതായി ആരോപണം ഉയരുന്നു. മുണ്ടക്കയം 35-ാം മൈലില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് പീരുമേട് പഞ്ചായത്തിലെ ഗ്ലെന്‍മേരിയില്‍ സ്ഥാപിക്കുന്നതിനായി കെട്ടിടത്തില്‍ ഔട്ട് ലെറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വരെ ഒരുക്കിയതും വെറുതെയായി. ഇവിടെ അനുവദിക്കുമെന്ന് പറഞ്ഞ ഔട്ട് ലെറ്റ് കുട്ടിക്കാനത്ത് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇതിന് പിന്നിലും സാമ്പത്തിക ഇടപാടുകളാണെന്നാണ് വിവരം. നെല്ലിമലയിലെ ഔട്ട്‌ലെറ്റ് വീണ്ടും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മഞ്ചുമലയിലുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ തുടങ്ങാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സ്വകാര്യ തോട്ടത്തിലെ റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കണം. വാടകയ്ക്ക് കെട്ടിടം നല്‍കാന്‍  തയ്യാറായവരെ ഒഴിവാക്കി സാമ്പത്തിക ലാഭത്തിനായി മറ്റ് കെട്ടിടങ്ങള്‍ അന്വേഷിക്കുന്നതിന് പിന്നില്‍ ചിലര്‍ക്കുള്ള സാമ്പത്തിക ലാഭം മാത്രം കണ്ടുള്ള ഇടപെടലുകളാണെന്നുള്ള ആരോപണവും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.