പഴയ ബോട്ട് ജെട്ടിക്ക് പുതിയ മുഖം വരുന്നു

Wednesday 10 May 2017 9:58 pm IST

കോട്ടയം: പഴയ ബോട്ട് ജെട്ടിക്ക് പുതിയ മുഖം ഒരു വര്‍ഷത്തിനുള്ളിലാകും. ജലഗതാഗത വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി 8 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതില്‍ 6 കോടി ടൂറിസം വകുപ്പിന്റേതും 2 കോടി ജലഗതാഗത വകുപ്പുമാണ് അനുവദിച്ചത്. പഴയ ബോട്ട് ജെട്ടിയേയും പുതിയ ബോട്ട് ജെട്ടിയേയും ബന്ധിപ്പിച്ചുള്ള സൗന്ദര്യവത്ക്കണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇരു ബോട്ട് ജെട്ടികളും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ വ്യത്യാസമുണ്ട്. കനാലിലെ ഈ ഭാഗം ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടും. കനാലിന്റെ ഈ ഭാഗത്തേക്ക് രണ്ട് അഴുക്ക് ചാലുകളുണ്ട്. ഇതുവഴി വരുന്ന വെള്ളം ശുദ്ധീകരിച്ച് കനാലിലേക്ക് ഒഴുക്കാന്‍ സംസ്‌കരണ പ്ലാന്റ് പദ്ധതിയുടെ ഭാഗമായി വരുമെന്ന് ജലഗതാഗവകുപ്പ് ഡയറക്ടര്‍ ഷാജി ബി.നായര്‍ പറഞ്ഞു. പഴയബോട്ട് ജെട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി ബോട്ട് ടെര്‍മിനല്‍, കോഫീഹൗസ്, വാച്ച് ടവര്‍, കുട്ടികള്‍ക്കായി പാര്‍ക്ക് എന്നിവ വരും. ഇത് കൂടാതെ കനാലിന്റെ തീരത്ത് കൂടി വോക്ക് വേയും ഉണ്ടാകും. കനാലിന്റെ കരകളെ ബന്ധിപ്പിച്ച് തൂക്ക് പാലത്തിനുള്ള നിര്‍ദ്ദേശവും ഉണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വര്‍ഷമാണ് പദ്ധതി കാലാവധി. നിര്‍മാണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞ പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കോട്ടയത്ത് എത്തുന്ന വിനോദ സഞ്ചാരികളെ കോടിമതയില്‍ എത്തിക്കാനാകും. അതേ സമയം ഇപ്പോള്‍ കോടിമതയില്‍ പോള തിങ്ങി നിറഞ്ഞ് കിടക്കുന്നതിനാല്‍ ജലഗതാഗതം അസാധ്യമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.