രണ്ടാം ദിവസവും നീലിമംഗലം പാലത്തില്‍ ബലപരിശോധന

Wednesday 10 May 2017 10:03 pm IST

കോട്ടയം: എംസി റോഡില്‍ കുമാരനെല്ലൂരില്‍ പുതിയ നീലിമംഗലം പാലത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ബലപരിശോധന നടന്നു. പരിശോധനയില്‍ ബലക്ഷയം കണ്ടെത്തിയതായി സൂചനയില്ല.ഇന്ന് നടക്കുന്ന അവസാന ഘട്ട പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലോക ബാങ്കിന് കൈമാറും.നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന ആവശ്യമായി വന്നത്. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയായ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നില്ല. കെഎസ്ടിപിയുടെ റോഡ് വികസന പദ്ധതിയ്ക്ക് സാമ്പത്തിക സഹായം ലോക ബാങ്കില്‍ നിന്നാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക ബാങ്ക് പണം നല്‍കിയാല്‍ മാത്രമെ പാലം തുറന്ന് കൊടുക്കുകയുള്ളു. പാലത്തിന്റെ ബലം പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച 20 ഡയല്‍ ഗേജസുകള്‍ സ്ഥാപിച്ച ശേഷമാണ് ലോറികള്‍ നിര്‍ത്തിയുള്ള പരിശോധന ആരംഭിച്ചത്. ഇത് കൂടാതെ ഊഷ്മാവ് അളക്കുന്ന സംവിധാനവും സജ്ജീകരിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ 2ന് രണ്ടു ലോറികളും 3.15ന് മറ്റൊരു ലോറിയും 4.30ന് നാലാമത്തെ ലോറിയും പാലത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് കയറ്റിയി്ട്ടു. ലോറിയില്‍ ആകെ 152.8 ടണ്‍ ഭാരമുണ്ടായിരുന്നു. ചൊവ്വാഴ്ച കയറ്റിയിട്ട ലോറികള്‍ 24 മണിക്കൂറിന് ശേഷം ബുധനാഴ്ച അതേ സമയത്ത് അതേ ക്രമത്തില്‍ തിരിച്ചറക്കി. ഈ സമയം പാലത്തില്‍ എന്തെങ്കിലും ബലക്ഷയം ഉണ്ടോയെന്ന് വിദഗ്ധ സംഘം പരിശോധിച്ചു. ഇന്ന്് 24 മണിക്കൂര്‍ ഭാരമൊന്നുമില്ലാതെയുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ പരിശോധന റിപ്പോര്‍്ട്ട് കൈമാറുന്നത്. പാലത്തിന്റെ ബലപരിശോധന ലോക ബാങ്ക് അംഗീകാരമുള്ള ബെംഗ്ലൂരുവിലെ കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇവര്‍ക്കൊപ്പം കെഎസ്ടിപി ഉദ്യോഗസ്ഥരുമുണ്ട്. നിര്‍മാണം പൂര്‍ത്തിയായ പാലത്തിന് ബല പരിശോധന നടത്തുന്നത് അപൂര്‍വ്വമായിട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.