പാലായില്‍ ലിങ്ക് റോഡ് നവീകരണം നിശ്ചലാവസ്ഥയില്‍

Wednesday 10 May 2017 10:04 pm IST

പാലാ: ബൈപ്പാസ് റോഡിനൊപ്പം പണിപൂര്‍ത്തിയാക്കുവാന്‍ പദ്ധതിയിട്ടിരുന്ന ലിങ്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക നടപടികള്‍ പോലും വൈകുന്നുവെന്ന് ആരോപണം. പാലാ ടൗണിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന വലിയപാലം പുത്തന്‍ പള്ളിക്കുന്ന് ലിങ്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള നടപടികളാണ് നിശ്ചലാവസ്ഥയിലായിരിക്കുന്നത്. പാലാ ബൈപ്പാസ് റോഡിനെയും ടൗണിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുവാനുള്ള മന്ദഗതിയിലായതാണ് തടസ്സം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബൈപ്പാസ് റോഡിനൊപ്പം 16 മീറ്റര്‍ വീതിയില്‍ ലിങ്ക് റോഡും നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. പാലാ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ നിലയിലാണ്. നിലവില്‍ എട്ടുമീറ്റര്‍ വീതി മാത്രമാണ് റോഡിനുള്ളത്. കുത്തനെയുള്ള കയറ്റവും ഗതാഗതത്തിന് തടസ്സമാകുന്നു. ടൗണില്‍ വലിയപാലത്തിന് എതിര്‍വശം ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ പുത്തന്‍പള്ളി വരെ മുക്കാല്‍ കിലോമീറ്ററോളം ദൂരമാണ് ലിങ്ക് റോഡിനുള്ളത്. പാലാ ജനറല്‍ ആശുപത്രി വാട്ടര്‍ അതോറിറ്റി ഓഫീസ്, ഹോമിയോ ആശുപത്രി തുടങ്ങിവയെല്ലാം ലിങ്ക് റോഡിന്റെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രിക്ക് സമീപം ഏതാനും ചില വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമാണ് നിലവില്‍ തര്‍ക്കമുള്ളത്. ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഭൂവുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറഞ്ഞുപോയതാണ് സ്ഥലമേറ്റെടുക്കുന്നതിന് തര്‍ക്കമുണ്ടാകുവാന്‍ കാരണം. രണ്ടുവര്‍ഷം മുമ്പാണ് സ്ഥലം ഏറ്റെടുക്കുവാന്‍ ആലോചനകള്‍ തുടങ്ങിയത്. ജനറല്‍ ആശുപത്രിക്ക് സമീപം മുതല്‍ കുത്തനെയുള്ള കയറ്റമാണ്. ഇത് ക്രമീകരിച്ച് റോഡ് വീതികൂട്ടി എല്ലാ വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പൊന്‍കുന്നം ഭാഗത്ത് നിന്ന് വലിയപാലം കടന്നുവരുന്ന വാഹനങ്ങള്‍ക്ക് ബൈപ്പാസ് റോഡിലേയ്ക്ക് എത്തണമെങ്കില്‍ ഈ ലിങ്ക് റോഡ് നവീകരണം അനിവാര്യമാണ്. അല്ലാത്തപക്ഷം തിരക്കേറിയ ടൗണിലൂടെ കുരിശുപള്ളി ജംഗ്ഷനിലെത്തി രാമപുരം റോഡില്‍ പ്രവേശിച്ചുവേണം ബൈപ്പാസിലെത്തുവാന്‍. ഇത് ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് തടസ്സമാകും. ലിങ്ക് റോഡ് നവീകരിച്ചാല്‍ തൊടുപുഴ, ഉഴവൂര്‍, കൂത്താട്ടുകുളം, രാമപുരം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് വലിയപാലം കടന്ന് മെയിന്‍ റോഡ് മുറിച്ച് കടന്ന് ലിങ്ക് റോഡിലൂടെ തിരക്കുകളൊഴിവാക്കി ബൈപ്പാസിലൂടെ പോകുവാന്‍ സാധിക്കും. നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കുപോലും കുത്തനെ കയറ്റമുള്ള ലിങ്ക് റോഡിലൂടെ യാത്ര ദുഷ്‌ക്കരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.