മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന ഛായാഗ്രാഹകന്‍

Wednesday 10 May 2017 10:21 pm IST

കോഴിക്കോട്: മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന ഛായാഗ്രാഹകനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച സി. രാമചന്ദ്രമേനോന്‍. കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന് ലോകത്തിന്റെ കളരിയില്‍ പഠിച്ച് ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതം. വാഹിനി സ്റ്റുഡിയോയിലെ സുവര്‍ണ്ണ കാലഘട്ടവും മാര്‍ക്കസ് ബാട്‌ലിയുടെ ശിഷ്യത്വവും അദ്ദേഹത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സിംഗപ്പൂരില്‍ ഷാ ബ്രദേഴ്‌സിന്റെയും സിംഗപ്പൂര്‍ ടെലിവിഷനിലെയും പ്രവര്‍ത്തന കാലം തൊഴിലിനും ജീവിതത്തിനുമൊപ്പം പഠനത്തിന്റേതുമായിരുന്നു. തന്റെ ക്യാമറ കൊണ്ട് ലോകത്തെ കണ്ടെടുത്ത കാലഘട്ടമായിരുന്നു അത്. 1929 ല്‍ കോഴിക്കോട് തിരുവണ്ണൂര്‍ സാമൂതിരി കോവിലകത്തെ പി.കെ.എം. രാജയുടെയും ചെങ്ങളത്ത് ജാനകിയമ്മയുടെയും മകനായാണ് രാമചന്ദ്ര മേനോന്റെ ജനനം. സാമൂതിരി ഹൈസ്‌കൂളിലെ പഠനശേഷം മദ്രാസിലെ സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നിന്നും ഫോട്ടോഗ്രഫി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് വാഹിനി സ്റ്റുഡിയോയില്‍ മാര്‍ക്കസ് ബാട്‌ലിയുടെ കീഴില്‍ അസിസ്റ്റന്റ് ക്യാമറാമാനായി സിനിമാ ജീവിതമാരംഭിച്ചത്. അമ്പതോളം സിനിമകളില്‍ അവിടെ സഹായിയായി പ്രവര്‍ത്തിച്ചു. 1956 ല്‍ സിംഗപ്പൂരിലെ ഷാബ്രദേഴ്‌സിലെത്തി. ബോളിവുഡ് സംവിധായകന്മാരായ ഫനി മജുംദാര്‍, കേദാര്‍ശര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പം അവിടെ പ്രവര്‍ത്തിച്ചു. ആറു വര്‍ഷത്തിനു ശേഷം സിംഗപ്പൂരില്‍ തന്നെയുള്ള കാത്തി സ്റ്റുഡിയോയിലും തുടര്‍ന്ന് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റുഡിയോയിലും ജോലി ചെയ്തു. 1970 ല്‍ സിംഗപ്പൂരില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തി. തുടര്‍ന്നാണ് ഉദയായുടെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. 1970 ല്‍ കുഞ്ചാക്കോയുടെ താരയിലൂടെയായിരുന്നു തുടക്കം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, ദത്തുപുത്രന്‍ എന്നീ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചു. പി. ഭാസ്‌കരന്റെ ഉമ്മാച്ചു ഒപ്പിയെടുത്തതും രാമചന്ദ്രമേനോന്റെ ക്യാമറയായിരുന്നു. മലയാള സിനിമയുടെ വികാസത്തിന്റെയും വളര്‍ച്ചയുടെയും കാലത്ത് അതിനൊപ്പം ചുവടുവെക്കുകയായിരുന്നു മേനോന്‍. പി. ഭാസ്‌കരനും കുഞ്ചാക്കോയും ശശികുമാറും ശ്രീകുമാരന്‍ തമ്പിയും ഐ.വി. ശശിയും ഹരിഹരനുമെല്ലാം തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ രാമചന്ദ്രമേനോനെ സമീപിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ജീവിത സ്വപ്‌നം പൂവണിയലുമായിരുന്നു. മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. 1988 ല്‍ പി. സുരേഷ്ബാബുവിന്റെ ശംഘനാദമാണ് അവസാന ചിത്രം. 20 വര്‍ഷമായി അദ്ദേഹം കോഴിക്കോട്ട് മടങ്ങിയെത്തിയിട്ട്. 2013 ലെ നീനാബാലന്‍ പുരസ്‌കാരം നല്‍കി സി. രാമചന്ദ്രമേനോനെ ആദരിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.