കുടിവെള്ളം; മലപ്പുറം നഗരസഭയില്‍ ബഹളം

Wednesday 10 May 2017 10:29 pm IST

മലപ്പുറം: നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവിഭാഗവും പരസ്പരം ബഹളം വെച്ച് കൗണ്‍സില്‍ ഏറെ നേരം തടസപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷമാണ് കുടിവെള്ള പ്രശ്നത്തെ സംബന്ധിച്ച് പരാതി ഉന്നയിച്ചത്. പാണക്കാട് വില്ലേജില്‍പെട്ട ചാമക്കയത്ത് നിന്ന് നഗരസഭാ പ്രദേശത്തേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്ത് എത്തിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇതിനായി കണ്ടെത്തിയ കിണറില്‍ പമ്പ് സെറ്റ് സംവിധാനമടക്കമുള്ള സാമഗ്രികള്‍ എത്തിച്ചില്ലെന്നുമാണ് പ്രതിപക്ഷം യോഗത്തില്‍ ആക്ഷേപം ഉന്നയിച്ചത്. ഈ വിഷയത്തില്‍ നേരത്തെ അനുകൂല തീരുമാനമെടുത്തിട്ടും മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് നടപടി വൈകിയെന്നും ഇത് കാരണമാണ് മുനിസിപ്പാലിറ്റി പരിധിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. കൂടാതെ നഗരസഭയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തുന്ന കുടിവെള്ള വിതരണത്തിന് വകയിരുത്തിയ തുക കൃത്യമായി നല്‍കാത്തത് കാരണം കുടിവെള്ള വിതരണം ഏറെ പ്രയാസകരമായി മാറി കഴിഞ്ഞെന്നും പ്രശ്ന പരിഹാരത്തിന് അനുവദിച്ച ഫണ്ട് മറ്റ് കാര്യങ്ങള്‍ക്ക് വകയിരുത്തിയതും ചര്‍ച്ചയായി. ഇതോടെ മറുപടിയുമായി ഭരണപക്ഷ അംഗങ്ങള്‍ രംഗത്ത് വരികയും ഇരുവിഭാഗവും ഏറെ നേരം പരസ്പരം വാക്‌പോര് നടത്തുകയായിരുന്നു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ സി.എച്ച്.ജമീല ഇടപെട്ടെങ്കിലും ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചെയര്‍പേഴ്സണ് നേരെ തിരിഞ്ഞ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്‌കരിച്ചു. പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം ഭരണപക്ഷം അവരുടെ നിലപാട് യോഗത്തെ അറിയിച്ചു. പത്ത് അജണ്ടകള്‍ പരിഗണിച്ച യോഗത്തില്‍ എട്ടെണ്ണം പാസാക്കി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് കവാടം നിര്‍മിക്കുന്നതിന് മുന്നോട്ട് വന്ന രണ്ട് സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷം അനുകൂല തീരുമാനമെടുക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള കമ്പോസ്റ്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് നഗരസഭക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ വേണ്ടെന്ന് വെക്കാനും യോഗം നിശ്ചയിച്ചു. നവീകരണം പുരോഗമിക്കുന്ന കോട്ടപ്പടി വലിയതോടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കാനും യോഗം നിര്‍ദേശം നല്‍കി. ഇന്ന് മുതല്‍ തന്നെ അതിനുള്ള നടപടി മുനിസിപ്പല്‍ എഞ്ചിനീയറിംങ് വിഭാഗം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.