മെട്രോ പരീക്ഷണ ഓട്ടത്തില്‍ 142 ട്രിപ്പുകള്‍

Wednesday 10 May 2017 10:36 pm IST

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കും തിരിച്ചും ട്രെയിനുകള്‍ തുടര്‍ച്ചയായി ഓടിച്ചായിരുന്നു പരീക്ഷണം. ആദ്യദിനത്തില്‍ നാലു ട്രെയിനുകള്‍ 142 ട്രിപ്പുകളാണ് നടത്തിയത്. രാവിലെ ആറുമുതല്‍ തുടങ്ങിയ പരീക്ഷണ ഓട്ടം രാത്രി പത്തോടെയാണ് അവസാനിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരീക്ഷണ ഓട്ടം നടക്കും. ഇന്നും നാല് ട്രെയിന്‍ ട്രയല്‍ റണ്‍ നടത്തും. 11.5 മിനിറ്റ് ഇടവിട്ടുള്ള സര്‍വീസാണ് പരീക്ഷിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും തൃപ്തികരമാണോയെന്നും പരീക്ഷിച്ചു. ഒന്‍പതു ട്രെയിനുകളാണ് മെട്രോ സര്‍വീസിനായി എത്തിച്ചത്. 975 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ട്രെയിന്‍. റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ മെട്രോ ട്രെയിന്‍ യാത്രയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞദിവസം സമര്‍പ്പിച്ചതോടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ട്രയല്‍ റണ്‍ തുടങ്ങിയത്. സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഒരാഴ്ചയ്ക്കകം ചെയ്ത് തീര്‍ക്കുന്നതോടെ മെട്രോ പൂര്‍ണമായും സര്‍വീസിന് സജ്ജമാകും. പ്രധാനമന്ത്രിയുടെ തീയതി കിട്ടിയാല്‍ ഈ മാസം ഉദ്ഘാടനമുണ്ടാകും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്ററിലാണ് ആദ്യം ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.