ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി നിറംമാറ്റി പഴങ്ങള്‍

Wednesday 10 May 2017 11:00 pm IST

ആലുവ: കാര്‍ബൈഡും മറ്റ് രാസമാലിന്യങ്ങളും ഉപയോഗിച്ച് നിറംമാറ്റിയെടുത്ത പഴങ്ങളുടെ വില്‍പ്പന വ്യാപകമാകന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആലുവ നഗരത്തില്‍ ആരോഗ്യവരുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്ന് പുഴുവരിച്ച പഴങ്ങളും ശീതളപാനിയങ്ങളും പിടികൂടി. ആലുവ പാലസ് റോഡില്‍ ലക്ഷ്മി നേഴ്‌സിംഗ് ഹോമിന് സമീപം റോഡ് കയ്യേറി പ്രവര്‍ത്തിക്കുന്ന പഴങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം ഭക്ഷ്യ സുരക്ഷാ വിഭാഗവും ആലുവ നഗരസഭയും ചേര്‍ന്ന് പൂട്ടി. എടയപ്പുറം സ്വദേശിയാണ് കച്ചവടം നടത്തിയിരുന്നത്. പറവൂര്‍ കവലയില്‍ അലിയാര്‍ ഫ്രൂട് ഷോപ്പില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ള ദുര്‍ഗന്ധം വമിക്കുന്ന മുത്തിരി, മാങ്ങ ജ്യൂസുകള്‍ പിടിച്ചെടുത്തു. ലിറ്റര്‍ കണക്കിന് ജ്യൂസാണ് ഉേദ്യാഗസ്ഥര്‍ നശിപ്പിച്ചത്. പുഴു, പാറ്റ, പല്ലി എന്നിവ ജൂസില്‍ നിന്ന് കിട്ടി. പാലസ് റോഡിലെ ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനില്‍ നിന്ന് കുട്ടമശേരി സ്വദേശി വാങ്ങിയ ഓറഞ്ച് വീട്ടില്‍ കൊണ്ടുപോയി കഴിക്കാനെടുത്തപ്പോള്‍ പുഴുക്കള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഒരു കിലോ ഓറഞ്ചില്‍ ആദ്യം തുറന്ന നാലെണ്ണത്തിലും പുഴു ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ ഓറഞ്ചുമായി വില്‍പ്പനക്കാരനടുത്തെത്തി. ഇത്തരം പഴകിയ സാധനങ്ങള്‍ വില്‍ക്കരുതെന്ന് ഉപദേശിച്ചപ്പോള്‍ കച്ചവടക്കാരന്‍ തട്ടി കയറി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെയും നഗരസഭ ആരോഗ്യ വിഭാഗത്തെയും വിവരമറിയിച്ചു. ആലുവ മണ്ഡലം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനോടും ഇയാള്‍ തട്ടിക്കയറി. തുടര്‍ന്നാണ് സ്ഥലത്തെത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ ഫ്രൂട്ട്‌സ് പിടിച്ചെടുക്കുകയും സ്ഥലത്ത് കച്ചവടം നിരോധിക്കുകയും ചെയ്തത്. പറവൂര്‍ കവലയില്‍ വില്‍ക്കുന്ന ജ്യൂസിന് ഉപയോഗിക്കുന്ന മാങ്ങയും മുന്തിരിയുമെല്ലാം ചീഞ്ഞളിഞ്ഞതാണെന്ന് നേരത്തെ മുതല്‍ ആക്ഷേപമുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യവിഭാഗം പരിശോധനക്കെത്തിയത്. ബലിയ ബക്കറ്റുകളിലും പാത്രങ്ങളിലുമായി മുന്തിരി ജ്യൂസ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജ്യൂസ് അടിക്കുന്നതിന് ചിഞ്ഞ മാങ്ങയും ചെത്തി സൂക്ഷിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പുഴുവരിക്കുന്ന മാങ്ങവരെ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. റോഡും കയ്യേറിയാണ് ഈ സ്ഥാപനവും പ്രവര്‍ത്തിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഷണ്‍മുഖന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.