ബിജെപി പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു

Wednesday 10 May 2017 11:02 pm IST

പിറവം: മണീട് നെച്ചൂരില്‍ കഞ്ചാവ് മാഫിയകള്‍ ബിജെപി പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു. ഗുരുതരമായി പരിക്കേറ്റ മണീട് നെച്ചൂര്‍ കണക്കന്‍ ചേരിയില്‍ ദിലീപ്(38)നെ ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സുഹൃത്തിന്റെ കല്യാണത്തിന്‌ശേഷം വീട്ടിലേയ്ക്ക് വരുമ്പോള്‍ നെച്ചൂര്‍ ഒഎല്‍എച്ച് കോളേജിന് സമീപത്തുവച്ചാണ് ആക്രമിച്ചതെന്ന് ദിലീപ് പറഞ്ഞു. വടി കൊണ്ട് വലത് കാലിന് അടിച്ചുവീഴ്ത്തിയശേഷം മര്‍ദ്ദിക്കുകയായിരുന്നു. ദിലീപിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നീര്‍ക്കുഴി മനയ്ക്കത്തോട്ടത്തില്‍ പ്രജിത്ത് പ്രസാദിന്റെ പേരില്‍ പോലീസ് കേസെടുത്തു. മണീട് പഞ്ചായത്തിലെ നെച്ചൂര്‍ ഒഎല്‍എച്ച് കോളനി, നീര്‍ക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. എന്നാല്‍, കഞ്ചാവ് മാഫിയ സംഘത്തെ പേടിച്ച് ആരും മിണ്ടാറില്ല. യുവാക്കള്‍ ബൈക്കില്‍ ചുറ്റിക്കറങ്ങി ഈ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ട്. രണ്ട് മാസംമുമ്പ് നെച്ചൂര്‍ കോളനിക്ക് സമീപം കഞ്ചാവ് കച്ചവടം നടത്തുന്ന യുവാക്കളെ ദിലീപ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ആക്രമണം. അന്ന് ദിലീപിന്റെ മൊബൈല്‍ ഫോണ്‍ പ്രതിയായ പ്രജിത്ത് എറിഞ്ഞ് ഉടച്ചതായി ദിലീപ് പറഞ്ഞു. ബിജെപി മണീട് പഞ്ചായത്ത് സമിതി വൈസ്പ്രസിഡന്റ് ശ്രീകല ദിലീപിന്റെ ഭാര്യയാണ്. ദിലീപിനെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.