ചുമട്ടുതൊഴിലാളിക്ക് ഒരു കോടി

Wednesday 10 May 2017 11:03 pm IST

കോതമംഗലം: കേരള ലോട്ടറിയുടെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിരൂപ ലഭിച്ചത് ചുമട്ടുതൊഴിലാളിക്ക്. നിനച്ചിരിക്കാതെ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലാണ് ചുമട്ടുതൊഴിലാളിയും കുടുംബവും. ബിഎംഎസ് ഹെഡ്ലോഡ് വര്‍ക്കേഴ്സ് കോതമംഗലം കോളേജ് യൂണിറ്റ് പ്രസിഡന്റ് കലാനഗറില്‍ താമസിക്കുന്ന വാളകത്തില്‍ രവിക്ക്(50)ആണ് ഒരു കോടി സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്. ബുധനാഴ്ച രാവിലെ പതിവുപോലെ കോതമംഗലം കോളേജ് ജംഗ്ഷനില്‍ ചുമട്ടുപണിക്ക് പോയി സമീപത്തെ ഹോട്ടലില്‍ ചായ കഴിക്കുന്നതിനിടെയാണ് ലോട്ടറി ഫലം അറിഞ്ഞതെന്ന് രവി പറഞ്ഞു. രവി എടുത്ത എസ്‌ജെ 508379 നമ്പര്‍ ലോട്ടറിക്ക് സമ്മാനം കിട്ടിയ വിവരം ആദ്യം അറിയിച്ചത് സുഹൃത്തും ചുമട്ടുതൊഴാലാളിയുമായ ആന്റണിയാണ്. നഗരത്തില്‍ നടന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന ആണിക്ക എന്ന് വിളിക്കുന്ന ആളുടെ പക്കല്‍ നിന്നാണ് ടിക്കറ്റെടുത്തതെന്ന് രവി പറഞ്ഞു. തറവാട് വീതംവച്ച വകയില്‍ കിട്ടിയ രണ്ടര സെന്റിലെ ചെറിയ വീട്ടിലാണ് താമസം. വൈകിട്ട് വിവരം അറിയാന്‍ വിളിക്കുമ്പോള്‍ ഭാഗ്യം കടാക്ഷിച്ചതിന്റെ സന്തോഷം പങ്കിടാന്‍ ഭാര്യ അനീഷയുടെ വടാട്ടുപാറയിലെ വീട്ടിലായിരുന്നു രവി. പതിനേഴ് വര്‍ഷമായി ചുമട്ടുതൊഴിലാളിയായ രവിയുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ്. ബാക്കി പണം ഏക മകള്‍ അനുലക്ഷ്മിയുടെ വിവാഹത്തിന് നിക്ഷേപിക്കുമെന്ന് രവി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.