മനുഷ്യർക്ക് മരുന്നായി പാറ്റകൾ!

Thursday 11 May 2017 7:03 pm IST

പാറ്റകളെ കണ്ടാൽ തന്നെ നമ്മുടെ മുഖം ചുളിയും, മുറികളിലും അടുക്കളയിലുമെല്ലാം ശല്യക്കാരായി വിലസുന്ന ഇക്കൂട്ടരെ നമ്മുടെ നാട്ടിൽ ആർക്കും അത്ര താത്പര്യമില്ല. എന്തിന് പറയണം, ഒരു പക്ഷേ നമുക്ക് ഏറ്റവും കൂടുതൽ പാറ്റകളേക്കാൽ അടുപ്പം പാറ്റ ഗുളികയോ ചോക്കോ നൂതന പാറ്റ നശീകരണ സ്പ്രേയിലോ ആകാം. എന്നാൽ നമുക്ക് അറിയാത്ത് ഒരു സംഗതിയുണ്ട്, എന്താണെന്നോ? പാറ്റകൾ ഹോമിയോ മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി വളർത്തുന്ന ഒരു അമൂല്യ ഔഷധമൂല്യമുള്ള ജീവിയാണെന്നതാണ്. ഇതെല്ലാം ചൈനക്കാരാണ് പുറം ലോകത്തെ അറിയിച്ചത്. ചൈനയിലെ ജിയാങ്‌സുയിലുള്ള ഫാമില്‍ നിന്ന് ദശലക്ഷക്കണക്കിന് പാറ്റകള്‍ ചാടിപ്പോയിരുന്നു . അന്നാണ് ചൈനയില്‍ നിശബ്ദമായി നടന്നിരുന്ന വന്‍കിട പാറ്റ ബിസിനസിനെക്കുറിച്ച് അയല്‍ രാജ്യങ്ങള്‍ പോലും അറിയാൻ സാധിച്ചത്. പക്ഷേ, ഇന്ന് ചൈനയില്‍ ഈ ബിസിനസ് അത്ര രഹസ്യമല്ല. അവിടെ, 100 ലധികം ഫാമുകള്‍ പാറ്റകളെ ഉത്പാദിപ്പിക്കുന്നു. എല്ലാം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലേക്ക് വന്‍വിലയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. ഹോമിയോ മരുന്നുകള്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍....പാറ്റയില്‍ നിന്ന് കിട്ടുന്ന വരുമാനം കോടികള്‍. ചൈനയില്‍ ഒരു കിലോ പാറ്റയ്ക്ക് 1200 യുവാന്‍ (ഏതാണ്ട് പതിനായിരം രൂപയ്ക്ക് മുകളില്‍) വരെ വിലയുണ്ട്. അടുത്തകാലം വരെ ഗോഡൗണുകളില്‍ നിന്നും മറ്റുമാണ് മരുന്ന് നിര്‍മ്മാണകമ്പനികള്‍ പലതും പാറ്റയെ ശേഖരിച്ചിരുന്നത്. എന്നാല്‍, കീടനാശിനി പ്രയോഗം നടത്തിയാണ് പാറ്റയെ പിടികൂടുന്നതെന്ന് അറിഞ്ഞതോടെ കമ്പനികള്‍ പിന്‍മാറി. ഇപ്പോള്‍ വ്യാവസായികമായി വളര്‍ത്തുന്നവരില്‍ നിന്നാണ് കമ്പനികള്‍ പാറ്റ ശേഖരിക്കുന്നത്. പക്ഷേ, ഓര്‍ഡര്‍ കൊടുത്ത് ഏറെ കാത്തിരിക്കണമെന്നുമാത്രം. ചൈനയിലെ പ്രശസ്ത പാറ്റ കര്‍ഷകന്‍ വാങ് ഫ്യൂമിങ്ങാണ്. ചുവപ്പും തവിട്ടും കലര്‍ന്ന നിറമുള്ള പാറ്റകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഏറ്റവും ഔഷധമൂല്യവുമിതിനാണ്. ഫ്യൂമിങ്ങിന്റെ ചുവടുപിടിച്ചാണ് ഇന്ന് എല്ലായിടത്തും പാറ്റ ഫാമുകളുയരുന്നത്. ഇരുണ്ടമുറിക്കൂരയില്‍ വിവിധ പാളികളാക്കി തയ്യാറാക്കിയ താവളത്തിലാണ് പാറ്റയെ വളര്‍ത്തുന്നത്. മുട്ടകൊണ്ടുവരുന്ന കട്ടിക്കടലാസ് ചേര്‍ത്തുവെച്ചും പാറ്റയ്ക്ക് താവളമൊരുക്കുന്നു. പച്ചക്കറി കടകളില്‍ മിച്ചം വരുന്ന തക്കാളിയും മത്തങ്ങയുമൊക്കെയാണ് പാറ്റയ്ക്ക് തീറ്റയായി നല്‍കുന്നത്. ഇപ്പോൾ ഹോമിയോ മരുന്നു നിര്‍മ്മാണ കമ്പനികള്‍ ഏറെയുള്ള ഇന്ത്യയില്‍ പാറ്റ കൃഷിക്ക് നല്ല മാര്‍ക്കറ്റുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നാണ് കേരളത്തിലെ പല കമ്പനികളും ഇപ്പോള്‍ പാറ്റയെ എത്തിക്കുന്നത്. അവിടുത്തെ പാറ്റ ഫാമുകളും രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. പാറ്റകൃഷി എന്നത് ഒളിച്ചുവെയ്‌ക്കേണ്ട ഒന്നല്ല. സര്‍ക്കാര്‍ പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കി ഫാം തുറന്നാല്‍ പാറ്റയ്ക്ക് നല്ല വിപണന സാധ്യതയുണ്ട്. ഇന്ത്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അനുഭവിക്കുന്ന പാറ്റ ക്ഷാമത്തിന് പരിഹാരം കാണാനും അതുവഴി സാധിക്കും. അങ്ങനെ, കുറഞ്ഞവിലയ്ക്ക് മരുന്ന് ഉത്പാദിപ്പിക്കാനുമാകും. കേരളത്തിലെ കമ്പനികള്‍ പലതും ശ്വാസകോശ രോഗങ്ങള്‍ക്കുള്ള മരുന്നുത്പാദിപ്പിക്കാനാണ് പ്രധാനമായും പാറ്റകളെ ഉപയോഗിക്കുന്നത്. വെള്ളവും സ്പിരിറ്റും ചേര്‍ത്ത ലായനിയില്‍ മൂന്നാഴ്ച പാറ്റകളെ ഇട്ടുവെയ്ക്കും. ഇതോടെ, ഔഷധഗുണങ്ങള്‍ ലായനയില്‍ അലിഞ്ഞുചേരും. ഹൈഡ്രോ ആല്‍ക്കഹോളിക് പാല്‍ഷന്‍ എന്നാണ് ഈ പ്രക്രിയയ്ക്ക് പേര്. ശ്വാസ കോശ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇങ്ങനെ ഉത്പാദിപ്പിക്കുന്നത്. ദക്ഷിണകൊറിയയിലെ ജിയോന്നം പ്രൊവിന്‍സ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചൈനയിലെ ദലി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഫാര്‍മസിയും പാറ്റകളില്‍ നിന്ന് എന്തൊക്കെ മരുന്ന് ഉത്പാദിപ്പിക്കാമെന്ന് പരീക്ഷിച്ചിരുന്നു. ടി.ബി., അര്‍ബുദം, തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള വൈറ്റമിനും മറ്റും പാറ്റയില്‍ നിന്ന് കണ്ടെത്തി. ഇതോടെയാണ് പാറ്റ കൃഷി കൂടുതല്‍ വ്യാപിപ്പിച്ചത്. എന്തായാലും പാറ്റകളെ തുരത്തുന്നതിന് മുൻപ് ഇവയുടെ ഔഷധ രഹസ്യം ഒന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.