മുത്തലാഖ് വാദം ആരംഭിച്ചു; പരിശോധിക്കുന്നത് ഭരണഘടനാ സാധുത: സുപ്രീംകോടതി

Friday 12 May 2017 1:09 am IST

ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ വാദം ആരംഭിച്ചു. വാക്കാല്‍ വിവാഹമോചനം നേടുന്നതിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുക മാത്രമാണ് ഉദ്ദേശ്യമെന്ന് വാദം തുടങ്ങവെ കോടതി വ്യക്തമാക്കി. മുത്തലാഖ് ഇസ്ലാം മതത്തിന്റെ മൗലികാവകാശമാണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും അങ്ങനെയെങ്കില്‍ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ബഹുഭാര്യാത്വം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലില്ലെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ആറു ദിവസത്തെ വാദമാണ് ആരംഭിച്ചത്. മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും മൂന്നു ദിവസം വീതം വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം മുമ്പ് ഉന്നയിച്ചിട്ടില്ലാത്ത കൂടുതല്‍ വാദങ്ങള്‍ ഇരു വിഭാഗത്തിനും അവതരിപ്പിക്കാം. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിന്‍ടണ്‍ നരിമാന്‍, യു.യു. ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. അമിക്കസ്‌ക്യൂറിയായി മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെയും നിയമിച്ചിട്ടുണ്ട്. ബഹുഭാര്യാത്വവും മുത്തലാഖും ഇസ്ലാംമതം അനുശാസിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനെതിരായ സത്യവാങ്മൂലമാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നല്‍കിയത്. സുപ്രീംകോടതി അവധിയാണെങ്കിലും ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.