ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണന്‍ സുപ്രീം കോടതിയില്‍

Thursday 11 May 2017 12:56 pm IST

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് കര്‍ണന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. താന്‍ ഒളിവില്‍ അല്ലെന്നും ചെന്നൈയിലുണ്ടെന്നും കര്‍ണന്‍ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച്ച കോടതി ഉത്തരവിനെ തുടര്‍ന്ന്, കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയിലെത്തിയ കര്‍ണന്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് തങ്ങിയത്. ബുധനാഴ്ച പകല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ പോലീസ് സംഘത്തിന് അദ്ദേഹത്തെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും മറ്റും കത്ത് എഴുതിയ കേസിലാണ് സുപ്രീംകോടതി ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ സ്വമേധയാ കേസെടുത്തത്. വിചാരണനടപടികളുമായി സഹകരിക്കാത്ത ജസ്റ്റിസ് കര്‍ണ്ണന്‍ ചീഫ്ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സുപ്രീംകോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച്ച അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.