വികസന പദ്ധതികള്‍ രാഷ്ട്രീയത്തിനതീതമായി നടപ്പാക്കണം: ജി.മാധവന്‍ നായര്‍

Thursday 11 May 2017 6:19 pm IST

കണ്ണൂര്‍: ജില്ലയില്‍ സമഗ്ര പുരോഗതി ഉറപ്പ് വരുത്താന്‍ ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയത്തിനതീതമായി വികസനപദ്ധതികള്‍ നടപ്പിലാക്കണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. കണ്ണൂരില്‍ എപിജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റിന്റെ 'വിഷന്‍ കേരള 2017' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത നിലവാരത്തില്‍ കേരളം മുന്നിലാണെങ്കിലും കാര്‍ഷിക വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ പിന്നോട്ടാണെന്ന് കാണാന്‍ സാധിക്കും. വ്യാവസായിക മേഖലയില്‍ വളര്‍ച്ചാ നിരക്ക് പൂജ്യം ശതമാനമാണെങ്കില്‍ കാര്‍ഷിക മേഖലയില്‍ മൈനസ് രണ്ടാണ്. വികസന കാര്യത്തില്‍ കേരളം മുന്നോട്ട് പോകുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്ന കൃഷിയോഗ്യമായ തരിശ് ഭൂമികള്‍ കാര്‍ഷിക മേഖലയില്‍ നാം നേരിടുന്ന മുരടിപ്പ് വ്യക്തമാക്കുന്നതാണ്. പരമ്പരാഗത മേഖലയായ കൈത്തറി, കശുവണ്ടി മേഖലകളില്‍ നേരത്തെ നേട്ടം കൈവരിച്ചിരുന്നുവെങ്കില്‍ ഇന്ന് അതും ശോഷിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ കാണുന്ന മെച്ചപ്പെട്ട ജീവിതനിലവാരം വിദേശമലയാളികളുടെ സമ്പാദ്യത്തില്‍ നിന്നാണ്. വിദേശ വരുമാനത്തിന്റെ മുഖ്യപങ്കും നിര്‍മ്മാണ മേഖലയിലാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. വിദേശ മലയാളികള്‍ കൊണ്ട് വരുന്ന ഫണ്ടിന്റെ വരവ് നിലച്ചാല്‍ സ്ഥിതി പരുങ്ങലിലാകും. വികന കാര്യങ്ങളില്‍ സ്വയം പര്യാപ്തതയോടെ മുന്നോട്ട് പോകാന്‍ കാര്‍ഷിക വ്യാവസായിക മേഖലകളുടെ പുരോഗതി ഉറപ്പ് വരുത്തണം. ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന് വികസനത്തെ കുറിച്ച് വിശാലമായ സ്വപ്‌നങ്ങളുണ്ടായിരുന്നു. അദ്ദേം കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ വികസനത്തിന് പത്ത് അജണ്ടകള്‍ ഉള്‍പ്പെടുത്തിയ ഒരു രൂപരേഖ നല്‍കിയിരുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും അത് അംഗീകരിച്ചെങ്കിലും ഒന്നും പ്രയോഗത്തില്‍ വന്നില്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.