കണ്ണൂര്‍ കാലത്തിനൊപ്പം കാനാമ്പുഴ അതീജിവനം ഉദ്ഘാടനം 14ന്

Thursday 11 May 2017 7:54 pm IST

കണ്ണൂര്‍: മലിനീകരണ തോടായി മാറിയ പത്ത് കിലോമീറ്റര്‍ നീളമുള്ള കാനാമ്പുഴയെ വീണ്ടെടുക്കുന്നതിനായി നാടൊരുമിക്കുന്നു. കണ്ണൂര്‍ കാലത്തിനൊപ്പം കാനാമ്പുഴ അതീജിവനം പരിപാടിയുടെ ഉദ്ഘാടനം 14ന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ.ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും. 13ന് രാത്രി പുഴയോരത്ത് അതിജീവനദീപം തെളിയിക്കും. 14ന് കാലത്ത് ഏഴ് മുതല്‍ ശുചീകരണ പ്രവൃത്തി തുടങ്ങും. എട്ട് പ്രാദേശിക സംഘാടകസമിതികളുടെ കീഴില്‍ അയ്യായിരം വളണ്ടിയര്‍മാരാണ് ശുചീകരണത്തില്‍ പങ്കാളികളാകുന്നത്. വളണ്ടിയര്‍ റിക്രൂട്ട്‌മെന്റ് പൂര്‍ത്തീകരിച്ച് വരികയാണ്. ഇന്നും നാളെയുമായി പ്രദേശത്തെ മുഴുവന്‍ വീടുകളിലും സപ്ലിമെന്റ് വിതരണം ചെയ്യും. പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ ഉദ്ഘാടനം നടക്കും. ശുചീകരണത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും പഠനവിധേയമാക്കി പ്രത്യേക പദ്ധതി തയ്യാറാക്കും. പുഴ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. പ്രദേശത്തെ മുഴുവന്‍ കൃഷിയിടങ്ങളിലും കൃഷി ചെയ്യാന്‍ പദ്ധതി തയ്യാറാക്കും. കാനാമ്പുഴ ശുദ്ധമായി ഒഴുകിയാല്‍ ആയിരക്കണക്കിന് വീടുകളിലെ കിണറുകളില്‍ ശുദ്ധജലം ലഭിക്കും. കാനാമ്പുഴ അതിജീവന പരിപാടിയിലൂടെ വലിയ ജനകീയ കൂട്ടായ്മയ്ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിക്കുക. ശുചീകരണ പ്രവര്‍ത്തനത്തിന് ശേഷം പ്രാദേശിക സംഘാടകസമിതികള്‍ ജാഗ്രതാസമിതികളായി പ്രവര്‍ത്തിച്ച് പുഴ സംരക്ഷിക്കുവാന്‍ നേതൃത്വം നല്‍കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യ രക്ഷാധികാരിയായും മേയര്‍ ചെയര്‍മാനും എന്‍.ചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ചന്ദ്രന്‍, ടി.ഒ.മോഹനന്‍, യു.ബാബു ഗോപിനാഥ്, പി.പി.ബാബു എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.