തൃശൂര്‍:കുടുംബശ്രീയുടെ 19-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല കലാ കായിക മേള അരങ്ങ് 2017 മെയ് 15,16 തിയ്യതികളില്‍ തൃശ്ശൂരില്‍ നടക്കും. ജില്ലയിലെ 16 ബ്ലോക്കുകളില്‍ നിന്നും കലാ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരായ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന കായിക മേള മേയ് 15ന് തൃശ്ശൂര്‍ എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലും കലാമേള മെയ് 16,17 തിയ്യതികളില്‍ തൃശ്ശൂര്‍ ടൗണ്‍ ഹാളിലുമാണ് നടക്കുക.
സ്റ്റേജ് ഇതര മത്സരങ്ങള്‍ മെയ് 12 ന് തൃശ്ശൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും. അരങ്ങിന്റെ സംഘാടനത്തിനായി ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍എമാര്‍, മേയര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനറുമായി 301 അംഗ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
കളക്ട്രേറ്റ് കോണ്ഫറണ്സ് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ. കൗശികന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ കനകാംഭരന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, അദ്ധ്യക്ഷന്മാരായി വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്കി.
ജില്ലയിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര്, മെമ്പര്‍ സെക്രട്ടറിമാര്‍, അക്കൗണ്ടന്റുമാര്‍, ജില്ലാ മിഷന് സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ജോതിഷ് കുമാര്‍ സ്വാഗതവും അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: