കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊള്ളലേറ്റ് വരുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന് ബേണ്‍ ഐ.സി.യു സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആരോഗ്യ പരിചരണ രംഗത്തെ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട മനുഷ്യാവകാശ പ്രശ്നമാണ് ഇതെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
അറിഞ്ഞും അറിയാതെയുമുള്ള അഗ്നിബാധയില്‍ കരിഞ്ഞും വെന്തും മരണപോരാട്ടം നടത്തുന്ന നിര്ഭാഗ്യജനങ്ങളെ കാണുന്നത് പോലും കരളലിയിക്കുന്നതാണെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
അസൗകര്യങ്ങള്‍ നിറഞ്ഞ പൊതുവാര്ഡുകളില് അവരെ ചികിത്സിക്കുന്നതും പരിചരിക്കുന്നതും വേദനാജനകമാണ്. പരിഷ്കൃത ആശുപത്രികളില്‍ നിലവില്‍ വന്നു കഴിഞ്ഞ ബേണ്‍ ഐ.സി.യുവിന്റെ സാന്ത്വനവും സംരക്ഷണവും സാധാരണക്കാര്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അനുവദിക്കണമെന്ന ആവശ്യം ന്യായയുക്തമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ആര്‍പ്പുക്കര സ്വദേശി എബ്രഹാം ആന്റണി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: