പ്രധാനമന്ത്രിയുടെ ശ്രീലങ്ക സന്ദര്‍ശനം ആരംഭിച്ചു; സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കല്‍ ലക്ഷ്യം

Thursday 11 May 2017 10:56 pm IST

കൊളംബോ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ശ്രീലങ്കന്‍ സന്ദര്‍ശനം ആരംഭിച്ചു. കൊളംബോയിലെത്തിയ പ്രധാനമന്ത്രിയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനാണ് സന്ദര്‍ശനമെന്ന് യാത്ര പുറപ്പെടുംമുമ്പ് മോദി പ്രസ്താവിച്ചു.

കൊളംബോയില്‍ ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സേവക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന മോദി ബുദ്ധമതത്തിലെ മുതിര്‍ന്ന ആത്മീയ നേതാക്കളുമായും പണ്ഡിതരുമായും ദൈവശാസ്ത്രജ്ഞാനികളുമായും ആശയവിനിമയം നടത്തും. പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എന്നിവരും പരിപാടികളില്‍ മോദിക്കൊപ്പം പങ്കെടുക്കും.

ഗംഗരാമയ്യാ ക്ഷേത്രത്തില്‍ സീമാ മലാക്കയെ സന്ദര്‍ശിച്ച് അവിടത്തെ പരമ്പരാഗതമായ വിളക്കുതെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് കൊളംബോയിലെ തന്റെ യാത്ര ആരംഭിക്കുകയെന്ന് മോദി പറഞ്ഞു. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍ ശാശ്വതമായി നിലകൊള്ളുന്ന ബന്ധങ്ങളില്‍ ഒന്നായ ബുദ്ധമത പൈതൃകം മുന്നോട്ടു വെയ്ക്കുന്നതാണ് തന്റെ സന്ദര്‍ശനം.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ബുദ്ധമത കേന്ദ്രമായ അനുരാധപുരയും മോദി സന്ദര്‍ശിക്കുന്നുണ്ട്. കാന്‍ഡിയിലെ ടെമ്പിള്‍ ഓഫ് ദ സേക്രഡ് ടൂത്ത് റെലികിലും ദലാദ മാലിഗവയിലും മോദി ആദരവ് അര്‍പ്പിക്കും. ഇന്ത്യ 120 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഡിക്കോയ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന മോദി, ഇന്ത്യന്‍ വംശജരായ തമിഴ് സമൂഹവുമായി ആശയവിനിമയവും നടത്തിയ ശേഷം ദല്‍ഹിയിലേക്ക് മടങ്ങും.

ശ്രീലങ്കയില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന വിവിധ പദ്ധതികളുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. ഇന്ത്യന്‍ പദ്ധതികള്‍ക്കെതിരെ ഒരുവിഭാഗം പ്രതിപക്ഷം തുടരുന്ന പ്രതിഷേധം ഇല്ലാതാക്കുന്നതും യാതൊരു വിധ കരാറുകളും ഒപ്പുവെയ്ക്കാതെ മോദി നടത്തുന്ന സൗഹൃദ സന്ദര്‍ശനം ലക്ഷ്യം വെയ്ക്കുന്നു. മാന്നാര്‍, ജാഫ്‌ന റോഡ്- റെയില്‍ പദ്ധതികള്‍, ട്രിങ്കോമാലിയിലെ തുറമുഖവും പെട്രോളിയം റിഫൈനറിയും സാംപൂരിലെ സോളാര്‍ പ്ലാന്റ് എന്നിവയൊക്കെ ഇരുരാജ്യങ്ങള്‍ക്കിടയിലെ സജീവ പദ്ധതികളാണ്.

ചൈനയുമായും പാക്കിസ്ഥാനുമായും സാമ്പത്തിക കരാറുകളില്‍ ഏര്‍പ്പെടാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങളെ ഇല്ലാതാക്കാനും മോദിയുടെ സന്ദര്‍ശനം വഴി ഇന്ത്യ ലക്ഷ്യമിടുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എന്നിവരുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇത്തരം വിഷയങ്ങള്‍ പ്രധാനമന്ത്രി മോദി ഉന്നയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.