ബ്ലാത്തിക്കവലയില്‍ കൊടുങ്കാറ്റ്; വ്യാപക കൃഷിനാശം

Thursday 11 May 2017 9:41 pm IST

വണ്ണപ്പുറം: ബുധനാഴ്ച രാത്രി  ആഞ്ഞ് വീശിയ കൊടുങ്കാറ്റില്‍ ബ്ലാത്തിക്കവലയില്‍ വ്യാപകനാശം. രാത്രി 9.30ഓടെ ആണ് മേഖലയില്‍ ശക്തമായ കാറ്റ് വീശുന്നത്. വണ്ണപ്പുറം, കള്ളിപ്പാറ, ബ്ലാത്തിക്കവല, വാല്‍പ്പാറ മേഖലകളിലാണ് മഴയും കാറ്റും വ്യാപക നാശം വിതച്ചത്. ഒറ്റപ്പെട്ട മേഖലകളായതിനാല്‍ നാശം സംഭവിച്ച വ്യക്തമായ കണക്കുകള്‍ ലഭിച്ചത് ഇന്നലെ ഉച്ചയോടുകൂടി  മാത്രമാണ്. പേപ്പാറയില്‍ ബിന്ദുവിന്റെ വീടിന്റെ ആറോളം ഷീറ്റുകളും, പുളിക്കത്തൊട്ടിയിലുള്ള സിഎസ്‌ഐ ദേവാലയത്തിന്റെ നിരവധി ഷീറ്റുകളും കാറ്റില്‍ പറന്നുപോയി. ബ്ലാത്തിക്കവല കൂട്ടപ്പറമ്പില്‍ ഭാസ്‌കരന്റെ വീടിന്റെ ഷീറ്റ് കാറ്റില്‍ പറന്നു പോയി. ഇളംപുരയിടത്തില്‍  സിബിയുടെ ബാത്ത്‌റൂമിനും കന്നുകാലി ഷെഡിനും കേടുപാടുകള്‍ സംഭവിച്ചു. ഇളംപുരയിടത്തില്‍ ഉണ്ണിയുടെ വീടിന്റെ മുകളിലേയ്ക്ക് മരം കടപുഴകി വീണ് വീടിന്റെ പാരപ്പെറ്റും വാട്ടര്‍ ടാങ്കും ഷെയ്ഡ് വാര്‍ക്ക എന്നിവ നശിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്താനിരിക്കവെയാണ് സംഭവം. സമീപത്തായി താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ച് കഴിയുന്ന കുടുംബാംഗങ്ങള്‍ രര ാത്രികാലങ്ങളില്‍ പുതിയ വീട്ടിലാണ്  ഉറങ്ങിയിരുന്നത്. അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു. മേഖലയില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. വന്‍ മരങ്ങളടക്കം നിരവധി മരങ്ങളാണ് കടപുഴകിയത്. കലയത്തോലില്‍ കൃഷ്ണന്‍, വെളിച്ചപ്പാട്ടുപറമ്പില്‍ സതീശന്‍ എന്നിവരുടെ റബര്‍ മരങ്ങളും കാരപ്ലാക്കല്‍ സുരേഷിന്റെ 200ഓളം കൊടിതൈകളും കൃഷികളും കാറ്റില്‍ നാമാവശേഷമായി. ഇളംപുരയിടത്തില്‍ കൃഷ്ണന്‍കുട്ടി, ബിനു പേപ്പാറയില്‍,  ഊരാളില്‍ സഹദേവന്‍ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. തകിടിയേല്‍ മോഹനന്റെ 60 ഓളം റബര്‍ മരങ്ങളാണ് ഒടിഞ്ഞ് വീണത്. നിരവധി ജാതി മരങ്ങളും കൊക്കോയും നശിച്ചു. കോട്ടയില്‍ പീതാംബരന്റെ നാല്‍പതോളം റബ്ബര്‍ മരങ്ങള്‍ക്കും നാശം സംഭവിച്ചു. വീടിന്റെ ഓട് ഇളകി പോകുകയും ആട്ടിന്‍കൂട് കാറ്റില്‍ തകര്‍ന്ന് വീഴുകയും ചെയ്തു. വാലാട്ടില്‍ ബേബിയുടെ 60 റബര്‍ മരങ്ങളും കൊക്കോയും നശിച്ചു. കോട്ടയില്‍ മുരളി, കാരാപ്ലാക്കല്‍ സുരേഷ് എന്നിവരുടെയും പുരയിടത്തിലെ നിരവധി റബര്‍ മരങ്ങളും നശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.