അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം; രണ്ടു വീടുകള്‍ തകര്‍ന്നു

Thursday 11 May 2017 9:50 pm IST

 

അമ്പലപ്പുഴയിലുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്ന പുതുവല്‍ ശരതിന്റെ വീട്

അമ്പലപ്പുഴ: കടല്‍ക്ഷോഭം രൂക്ഷം; രണ്ടു വീടുകള്‍ പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 50 വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കടല്‍ക്ഷോഭം ശക്തമായത്് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രണ്ടു വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. കടല്‍ ഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം.
ഇന്നലെ രാവിലെ കടല്‍ക്ഷോഭം ശക്തമാകുകയായിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 1, 15, 16 വാര്‍ഡുകളായ വളഞ്ഞവഴി നീര്‍ക്കുന്നം വണ്ടാനം പ്രദേശങ്ങളില്‍ കടല്‍ കലിതുള്ളിയതോടെ 50ഓളം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. ഒന്നാം വാര്‍ഡില്‍ പുതുവല്‍ കുഞ്ഞുമോള്‍, പ്രഭ, ബാലചന്ദ്രന്‍ 15-ാം വാര്‍ഡില്‍ ഉണ്ണികൃഷ്ണന്‍, രഘു, പുതുവല്‍ രമണന്‍ 16ാം വാര്‍ഡില്‍ പുതുവല്‍ ദേവരാജന്‍ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പുറക്കാട് പഞ്ചായത്തില്‍ 18-ാം വാര്‍ഡ് കരൂര്‍ അയ്യന്‍കോയിക്കല്‍ പുതുവല്‍ സംഗീത, മുരളി, രജി, ശശികല, രാജേശ്വരി, അനില്‍, കുഞ്ഞുമോന്‍, ശ്രീദേവി എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്.
വെളളം കയറി വീടുകള്‍ വാസയോഗ്യമല്ലാതായെങ്കിലും വീട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറായിട്ടില്ല. ബന്ധുവീടുകള്‍, അയല്‍വീടുകള്‍ എന്നിവിടങ്ങളിലേക്കാണ് താല്‍ക്കാലികമായി ഇവര്‍ അഭയം തേടിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് വാടക്കല്‍ തീരത്ത് കടല്‍ ശക്തമായത്. മീറ്ററുകളോളം കടല്‍ കരയിലേക്ക് ഇരച്ചുകയറി. 50 ഓളംവീടുകളില്‍ വെള്ളം കയറി. മത്സ്യ ബന്ധന ഉപകരണങ്ങള്‍ നശിച്ചു. തീരദേശ റോഡിലേക്ക് വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. പിന്നീട് ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം വറ്റിക്കുകയായിരുന്നു.
പുതുവല്‍ ശരത് കുമാര്‍, ഗീത എന്നിവരുടെ വീടുകളാണ് പൂര്‍ണമായും കടലെടുത്തത്. ഇന്നലെ ഉച്ചയോടെയുണ്ടായ കടലേറ്റത്തില്‍ പുതുവലില്‍ ബാലചന്ദ്രന്‍, പ്രഭ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകരുകയും സമീപത്തെ വൈദ്യുതി പോസ്റ്റ് നിലംപൊസ്റ്റു നിലംപൊത്തുകയും പ്രദേശമാകെ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.
ഹാര്‍ബര്‍ വിഭാഗം ഇവിടെ നിരവധി തവണ ഭിത്തി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റെടുത്തിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ല. ഇതോടെ മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വീടുകളും വീട്ടുപകരണങ്ങളും കടലെടുക്കുമെന്ന ഭീതിയിലാണ്.
കടല്‍ക്ഷോഭം ഉണ്ടായി നഷ്ടങ്ങളുണ്ടായിട്ടും ബന്ധപ്പെട്ട അധികാരികളോ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയോ, എംപിയോ തിരിഞ്ഞു നോക്കാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.