പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

Thursday 11 May 2017 10:10 pm IST

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നുവെന്ന വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.എസ്.ശിവകുമാറാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍ ഈ വര്‍ഷം പനിമൂലം 62 മരണങ്ങളുണ്ടായിട്ടുണ്ടെന്നും ഇതില്‍ 31 പേര്‍ എച്ച്1 എന്‍1 ബാധിച്ചാണെന്നും ശിവകുമാര്‍ പറഞ്ഞു. ശരാശരി പനി ബാധിതര്‍ 6000-7000 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം ചികിത്സ തേടിയത് 9,034 പേരാണ്. മെയ് മാസത്തില്‍ പനി ബാധിച്ച് എട്ടുപേര്‍ മരിച്ചതില്‍ ഏഴുപേരും എച്ച്1 എന്‍1 ബാധിതരാണ്. ഡെങ്കിപ്പനി ഇരട്ടിയായി. ആരോഗ്യവകുപ്പ് വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നും ശിവകുമാര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എച്ച് 1 എന്‍ 1 വ്യാപകമാണ്. തമിഴ്‌നാട്ടില്‍ 914 പേരാണ് ഇക്കാലയളവില്‍ മരിച്ചത്. സംസ്ഥാനത്ത് എച്ച്1 എന്‍1, എലിപ്പനി, ചിക്കന്‍ പോക്‌സ് എന്നിവയ്ക്ക് ആവശ്യമായ മരുന്നുകള്‍ ധാരാളം സ്റ്റോക്കുണ്ട്. പനി കൂടുതലായി കാണുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ എല്ലാ നടപടിയും കൈക്കൊണ്ടുവെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.