ബാലുശ്ശേരി: ഉത്തര കേരളത്തിലെ നാലാമത്തെ സിന്തറ്റിക് ട്രാക്ക് കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂളില്‍ ഉദ്ഘാടനത്തിനൊരുങ്ങി. ജൂണ്‍ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോകോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ ജന്മഭൂമിയോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് അത്യന്താധുനിക സംവിധാനങ്ങളോടെ 400 മീറ്ററില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചത്.
2012 ല്‍ ആരംഭിച്ച ട്രാക്കിന്റെ പണി അഞ്ചുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദേശീയ കായിക വികസന കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പൊതുമരാമത്താണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് . ഉദ്ഘാടനത്തോടെ കിനാലൂര്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും വേദിയാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഉഷ സ്കൂളിലെ ചുമരുകള്‍ കോഴിക്കോട് എന്‍ഐടിയിലെ രണ്ടാം വര്‍ഷ ബി ആര്‍ക് വിദ്യാര്‍ത്ഥികള്‍ മനോഹരമാക്കിയിട്ടുണ്ട്. പി.ടി. ഉഷയുടെ മനോഹരമായ ഒരു ചിത്രമാണ് ഉള്‍ചുമരില്‍ വരച്ചത്. ആരതി കണ്മണി, അമൃത വര്‍ഷിണി, അനന്തു രമേഷ്, എ. അര്‍ച്ചന, ഷെറിന് നാസര്‍, സ്വീറ്റി സുരേന്ദ്രന് എന്നിവരാണ് ചിത്രങ്ങള്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: