ജനാധിപത്യത്തിന്റെ ബാലപാഠമെങ്കിലും സിപിഎം ഉള്‍ക്കൊള്ളണം: ഒ. രാജഗോപാല്‍

Thursday 11 May 2017 10:38 pm IST

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ബാലപാഠമെങ്കിലും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് നേമം എംഎല്‍എ ഒ. രാജഗോപാല്‍. പ്രതിപക്ഷത്തെ കായികമായി ആക്രമിക്കാനല്ല മാനിക്കാനാണ് ഭരണം കയ്യാളുന്ന സിപിഎം തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിനും ഫാസിസത്തിനുമെതിരെ ബിജെപി നേമം നിയോജകമണ്ഡലം പാപ്പനംകോട് സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ഏറ്റുവാങ്ങിയ തോല്‍വിക്ക് പകരം വീട്ടുകയാണ് സിപിഎം. ജനാധിപത്യത്തില്‍ ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണ്. അവരുടെ ആ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് സിപിഎം മണ്ഡലത്തിലുടനീളം നടത്തിവരുന്ന അക്രമം. നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ട് വനിതകളെ പോലും അപമാനിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പരമ്പരാഗതമായി നടന്നുവരുന്ന ക്ഷേത്ര ഉത്സവങ്ങള്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദസംഘടനകളെ കൂട്ടുപിടിച്ച് അട്ടിമറിക്കാനാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും ശ്രമിക്കുന്നത്. ക്ഷേത്രഉത്സവങ്ങള്‍ അലങ്കോലമാക്കാനുള്ള സിപിഎം നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം അത് ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത കുഴപ്പങ്ങളിലേക്ക് നയിക്കും. മുന്‍ എംഎല്‍എയുടെ ഭരണപരാജയത്തില്‍ മനം മടുത്ത് നിരവധി സിപിഎം പ്രവര്‍ത്തകരും നേമത്ത് ബിജെപിക്ക് വോട്ടു ചെയ്തിട്ടുണ്ട്. ഭാവിയില്‍ അണികള്‍ ബിജെപിയിലെത്തുമെന്ന തിരിച്ചറിവാണ് മുന്‍ എംഎല്‍എയെയും ജില്ലാസെക്രട്ടറിയെയും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ സംസ്ഥാനം ഭരിക്കുന്ന, ഏറ്റവും കൂടുതല്‍ എംഎല്‍എമാരും എംപിമാരുമുള്ള പാര്‍ട്ടിയെ കേരളത്തില്‍ അക്രമത്തിലൂടെ തോല്‍പ്പിക്കാമെന്ന സിപിഎം വെല്ലുവിളി ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ 11 വാര്‍ഡുകളില്‍ നിന്ന് നഗരസഭയിലേക്ക് ജയിച്ച എം.ആര്‍. ഗോപന്‍, പാപ്പനംകോട് സജി, ആര്‍.സി. ബീന, ഡോ വിജയലക്ഷ്മി, പി.വി. മഞ്ജു, എസ്. മഞ്ജു, ആശാനാഥ്, കരമന അജിത്ത്, ഗിരി, ജ്യോതി സതീശന്‍ എന്നിവര്‍ ഉപവാസസമരത്തില്‍ പങ്കെടുത്തു. വൈകിട്ട് ഉപവാസസമരത്തിന്റെ സമാപനസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എംഎല്‍എ, നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ വി.ജി. ഗിരികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബേബി എബ്രഹാം, ജില്ലാ സെക്രട്ടറി കൈമനം ദീപുരാജ്, മണ്ഡസം വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാര്‍, കമലേശ്വരം കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.