എസ്ബിഐ സര്‍ക്കുലറുകളില്‍ ആശയക്കുഴപ്പം, പ്രതിഷേധം

Friday 12 May 2017 8:06 am IST

കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്‍പ്പെടെ എസ്ബിഐ സര്‍വീസ് ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് ആശയക്കുഴപ്പമുണ്ടാക്കി. എടിഎമ്മില്‍ നിന്ന് ഓരോ തവണയും പണം പിന്‍വലിക്കുന്നതിന് 25 രൂപ സേവന ഫീസ് ഈടാക്കുമെന്നായിരുന്നു എസ്ബിഐയുടെ ആദ്യ സര്‍ക്കുലര്‍. പ്രതിഷേധം ശക്തമായതോടെ നാല് ഇടപാടിനു ശേഷമുള്ള എടിഎം പിന്‍വലിക്കലിന് മാത്രമേ ഫീസ് ഈടാക്കൂയെന്ന് തിരുത്തി. പിന്നീട് സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് പത്ത് ഇടപാടുകള്‍ വരെ സൗജന്യമായിരിക്കുമെന്ന് തിരുത്തി എസ്ബിഐ മലക്കം മറിഞ്ഞു. മെട്രോ നഗരങ്ങളില്‍ എട്ട് ഇടപാടുകള്‍ മാത്രമായിരിക്കും സൗജന്യമെന്നും ഒടുവിലിറക്കിയ വിശദീകരണത്തില്‍ എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യ സര്‍ക്കുലറിലെ മറ്റു സേവനങ്ങളുടെ ഫീസില്‍ മാറ്റം വരുത്തിയിട്ടില്ല. ഇരുപത് മുഷിഞ്ഞ നോട്ടുകളോ 5,000 രൂപയില്‍ താഴെ മൂല്യമുള്ള നോട്ടുകളോ മാത്രമേ സൗജന്യമായി മാറാനാകൂ. ഇരുപതില്‍ കൂടുതല്‍ മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിന് ഓരോ നോട്ടിനും രണ്ടു രൂപ വീതം ഈടാക്കും. 5,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള നോട്ടുകള്‍ മാറുന്നതിന് ഓരോ നോട്ടിനും രണ്ടു രൂപ അല്ലെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ചു രൂപ നിരക്കിലും നല്‍കണം. രണ്ടു രീതിയിലും തുക കണക്കാക്കുമ്പോള്‍ ഏതാണോ കൂടുതലായി വരുന്നത്, അതായിരിക്കും ഇടപാടുകാരന്‍ നല്‍കേണ്ടി വരിക. ബേസിക് സേവിങ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകള്‍ക്ക് ചെക്ക് ബുക്ക് ലഭിക്കുന്നതിനും പണം നല്‍കണം. പത്ത് ലീഫ് ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫ് ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫ് ചെക്ക് ബുക്കിന് 150 രൂപ എന്നീ ക്രമത്തിലാണ് നല്‍കേണ്ടത്. എടിഎം കാര്‍ഡ് സൗജന്യമായി നല്‍കും. ബാങ്കിങ് കിയോസ്‌കുകള്‍ വഴി പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇനി പണം നല്‍കണം. ബാങ്കിങ് കറസ്‌പോണ്ടന്റ്‌സ് (ബിസി) വഴി 10,000 രൂപ വരെ നിക്ഷേപിക്കാന്‍ മൊത്തം മൂല്യത്തിന്റെ 0.25 ശതമാനം ഈടാക്കും. മിനിമം തുക രണ്ട് രൂപയും പരമാവധി എട്ടു രൂപയുമാണ് ഇത്തരത്തില്‍ വാങ്ങുക. ബിസി വഴി 2,000 രൂപ വരെ പിന്‍വലിക്കാന്‍ 2.5 ശതമാനം ഫീസ് നല്‍കണം. മിനിമം നിരക്ക് ആറു രൂപയാണ്. പരമാവധി തുക ഇതിന് നിശ്ചയിച്ചിട്ടില്ല. ഇമ്മീഡിയറ്റ് പേമെന്റ് സിസ്റ്റം (ഐഎംപിഎസ്) വഴി ഇലക്‌ട്രോണിക് പണമിടപാട് നടത്തുന്നതിനും സേവന ഫീസുണ്ട്. ഒരു ലക്ഷം രൂപ വരെ അഞ്ചു രൂപയും ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ പതിനഞ്ച് രൂപയുമാണ് നിരക്ക്. രണ്ടു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലാണെങ്കില്‍ ഇരുപത്തിയഞ്ച് രൂപയും നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.