നിലമ്പൂര്‍ ഗവ.കോളേജ് പൂക്കോട്ടുംപാടത്ത് യാഥാര്‍ത്ഥ്യമാകുന്നു

Friday 12 May 2017 11:05 am IST

പൂക്കോട്ടുംപാടം: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ച ഗവ.കോളേജ് അമരമ്പലത്ത് യാഥാര്‍ത്ഥ്യമാകുന്നു. സ്പെഷ്യല്‍ ഓഫീസറായി മങ്കട ഗവ. കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ സി.ടി.സലാഹുദീനെ നിയമിച്ചുകൊണ്ട് ഉത്തരവായി. ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ പൂക്കോട്ടുംപാടത്ത് സന്ദര്‍ശനം നടത്തി. പൂക്കോട്ടുംപാടം വീട്ടിക്കുന്ന് നൂറുല്‍ ഇസ്ലാ മദ്രസയില്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ മാസത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്. സ്ഥലസൗകര്യങ്ങള്‍ വിലയിരുത്തിയ സ്പെഷ്യല്‍ ഓഫീസര്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ജനകീയകമ്മിറ്റി ഭാരവാഹികളുമായി പങ്കുവെച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിലമ്പൂരില്‍ അനുവദിച്ച കോളേജ് നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് സ്ഥാപിക്കുക സാധ്യമല്ലെന്ന തീരുമാനം വന്നതോടെ കോളേജ് പൂക്കോട്ടുംപാടത്ത് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സ്ഥലസൗകര്യങ്ങള്‍ ഒരുക്കിയാല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കിയാല്‍ കോളേജ് അനുവദിക്കുമെന്ന് എംഎല്‍എ പി.വി.അന്‍വര്‍ ഉറപ്പു നല്‍കി. തുടര്‍ന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ പൊതുജനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എന്‍.എ.കരീം ചെയര്‍മാനായും പി.ശിവാത്മജന്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടയിലാണ് സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. സൗകര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സ്പെഷ്യല്‍ ഓഫീസര്‍ സലാഹുദീന്‍ പറഞ്ഞു. അമരമ്പലത്ത് കോളേജ് വരുന്നതോടെ മലയോരമേഖലയിലെ സാധാരണക്കാരയ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായകരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.