കുത്തിയതോട്ടില്‍ നിലം നികത്തല്‍ വ്യാപകം

Friday 12 May 2017 8:16 pm IST

തുറവൂര്‍: നിലംനികത്ത് വ്യാപകം, പ്രതിഷേധവുമായി ബിജെപി. നീര്‍ത്തട സംരക്ഷണ നിയമം മറികടന്ന് കുത്തിയതോട് പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിലം നികത്ത് വ്യാപകമാകുന്നത്. കുത്തിയതോട് രണ്ടാം വാര്‍ഡില്‍ ചാവടി പടിഞ്ഞാറ്, പൊന്‍പുറം പള്ളിക്ക് സമീപം, നാലാം വാര്‍ഡില്‍ പറയകാട് ഏകെജി ജംങ്ഷന് സമീപം, പന്ത്രണ്ടാം വാര്‍ഡില്‍ ദേശത്തോട് പാലത്തിന് സമീപം, പതിമൂന്നാം വാര്‍ഡില്‍ കാനാപറമ്പ് എന്നീ മേഖലകളിലാണ് പൂഴി ഉപയോഗിച്ച് വ്യാപകമായി തോടും നിലവും നികത്തുന്നത്. ഇതിനെതിരെ റവന്യു വകുപ്പോ, കൃഷി വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നിലവും തോടുകളും നികത്തുന്നത് മഴക്കാലത്ത് മേഖലയില്‍ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകും. അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലുമാണ് ടിപ്പര്‍ ലോറികളില്‍ പൂഴിയെത്തിക്കുന്നത്. എതിര്‍ത്ത പ്രദേശവാസികളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുത്തിയതോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ നിലം നികത്തലിന് പിന്നില്‍ ഇടതുപാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. സിപിഐ അംഗങ്ങളുടെ വാര്‍ഡുകളില്‍ സിപിഎമ്മുകാര്‍ അനധികൃതമായി നിലം നികത്തിയിട്ടും ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. പഞ്ചായത്ത് സെക്രട്ടറി അവധിയില്‍ പ്രവേശിച്ചതോടെ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പൊതുതോട് കയ്യേറി നികത്തുകയാണ്. റവന്യു, പോലിസ് ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായും യോഗം ആരോപിച്ചു. പ്രസിഡന്റ് ആര്‍. ജയേഷ് വാക്കയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ സജീവന്‍, ട്രഷറര്‍ എസ്. ദിലീപ് കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ആര്‍ ബൈജു, എന്‍. രൂപേഷ്, ആര്‍. ഹരീഷ്, ബി. സനോജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.