ജസ്റ്റിസ് കര്‍ണന്‍ സമീപിച്ചത് 12 അഭിഭാഷകരെ

Saturday 13 May 2017 9:48 am IST

ന്യൂദല്‍ഹി: അറസ്റ്റ് ഒഴിവാക്കാന്‍ സുപ്രീംകോടതിയില്‍ മാപ്പപേക്ഷ നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സമീപിച്ചത് പന്ത്രണ്ട് അഭിഭാഷകരെ. കര്‍ണന്റെ വക്കാലത്ത് എടുക്കാന്‍ അഭിഭാഷകര്‍ വിസമ്മതിച്ചു. ഒടുവില്‍ മാത്യൂസ് ജെ. നെടുംപാറ എന്ന അഭിഭാഷകന്‍ കര്‍ണനു വേണ്ടി ഹാജരായി. കഴിഞ്ഞ ദിവസം ശിക്ഷ പിന്‍വലിക്കമെന്നാവശ്യപ്പെട്ടതും ഇന്നലെ മാപ്പപേഷ നല്‍കിയതും ഈ അഭിഭാഷകനാണ്. മറ്റ് അഭിഭാഷകരെ ജസ്റ്റിസ് കര്‍ണന്‍ സമീപിച്ച കാര്യവും മാത്യൂസ് നെടുംപാറ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു. അവര്‍ക്കെല്ലാം ഈ ബെഞ്ചിനെ പേടിയുള്ളതു കൊണ്ടാണ് കേസ് എടുക്കാത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ അഭിഭാഷകനും രണ്ടു മാസം മുമ്പ് കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടുണ്ട് എന്നതാണ് കൗതുകകരം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംമ്പറില്‍ മാത്യൂസ് നെടുംപാറ സുപ്രീംകോടതിയില്‍ത്തന്നെ ഹര്‍ജി നല്‍കിയിരുന്നു. പിന്നീടൊരിക്കല്‍ മുംബൈ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് ഇദ്ദേഹത്തിന് കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയത്. ജഡ്ജിമാരെ അപമാനിക്കുന്ന തരത്തില്‍ കോടതി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നു നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഈ നടപടി. ജസ്റ്റിസ് കര്‍ണനെ അനുകൂലിച്ച് അടുത്തിടെ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ ഈ അഭിഭാഷകന്‍ ലേഖനമെഴുതിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.