കര്‍ഷകരെ കണ്ണീരിലാഴ്ത്തി വയനാട്ടില്‍ വേനല്‍മഴ

Friday 12 May 2017 9:39 pm IST

കല്‍പ്പറ്റ : കര്‍ഷകരെ കണ്ണീരിലാഴ്ത്തി വയനാട്ടില്‍ വേനല്‍മഴ. കഴിഞ്ഞ 15 ദിവസമായി വയനാട്ടില്‍ തുടര്‍ച്ചയായി പെയ്യുന്ന വേനല്‍മഴ വയനാടന്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കൊടുംവേനലില്‍ വിളനാശം സംഭവിച്ച് അതിനെ അതിജീവിച്ച ഭാഗങ്ങളിലെ വിളകളെല്ലാം വേനല്‍ മഴയില്‍ ഭൂരിഭാഗവും നശിച്ചു. ജില്ലയുടെ പല ഭാഗത്തും കൊയ്ത്തിന് പാകമായി നില്‍ക്കുന്ന നെല്‍പ്പാടങ്ങളില്‍ ആലിപ്പഴ വര്‍ഷവും വേനല്‍മഴയും വന്‍ നഷ്ടമാണ് വരുത്തിയത്. പല ഭാഗത്തും നെല്ല് പൊഴിഞ്ഞുപോവുകയും കാറ്റില്‍ അടിഞ്ഞുവീഴുകയുമുണ്ടായി. കൊയ്‌തെടുക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകര്‍ ഒന്നാകെ. വീശിയടിച്ച കാറ്റില്‍ മൂന്നര കോടി രൂപയുടെ നഷ്ടമാണ് വയനാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് കണക്കാക്കുന്നത്. നേന്ത്രവാഴയാണ് നശച്ചവയില്‍ ഭൂരിഭാഗവും പാവല്‍, പയര്‍ കൃഷികളും വ്യാപകമായി നശിച്ചു. കാപ്പി, കുരുമുളക് തുടങ്ങിയവയ്ക്കും വന്‍ നാശമാണ് വരുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെയാണ് മഴ പെയ്യുന്നത്. വയലേലകളിലെ കിണറുകളില്‍ മാത്രമാണ് ജലവിതാനം ഉയര്‍ന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ മാത്രമേ വയനാട്ടുകാര്‍ക്കുള്ളൂ. . മുന്‍ വര്‍ഷം വേനല്‍ മഴയിലും കാലവര്‍ഷത്തിലും വന്‍കുറവാണ് വയനാട്ടിലുണ്ടായത്. ജില്ലയില്‍ ഈ വര്‍ഷം വേനല്‍ മഴയില്‍ ഇതിനോടകം 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയിലുണ്ടായ മഴ കുറവ് ഈ വര്‍ഷം കടുത്ത ചൂടിനും വരള്‍ച്ചക്കും ഇടയാക്കിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചു. മാര്‍ച്ച് അവസാനവാരംം മുതലാണ് ജില്ലക്ക് വേനല്‍ മഴ ലഭ്യമായിത്തുടങ്ങിയത്. മഴ പെയ്താലും പകല്‍ സമയം അന്തരീക്ഷ താപനില കുറയുന്നില്ല എന്നത് കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് സൂചിപ്പിക്കുന്നത്.2016 ല്‍ മാര്‍ച്ച് മുതല്‍ മെയ് 31 വരെ ജില്ലയില്‍ ലഭിച്ച വേനല്‍ മഴ 145.3മില്ലി മീറ്റര്‍ആയിരുന്നു. 275.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 47 ശതമാനം കുറവായിരുന്നു മുന്‍ വര്‍ഷം ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് അഞ്ച് വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 135.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു.ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാലത്ത് ജില്ലയില്‍ 11 ശതമാനം മഴയാണ് കൂടുതലായി ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.