ഹിന്ദുക്കള്‍ വോട്ട് ബാങ്കാകണം: സ്വാമി വിവിക്താനന്ദ

Saturday 13 May 2017 8:18 am IST

ആലപ്പുഴ: ഹിന്ദുക്കള്‍ വോട്ട് ബാങ്കായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചിന്മയ മിഷന്‍ റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയുടെ സന്ദേശമാണ് സാമുദായിക സംഘടനകള്‍ പ്രചരിപ്പിക്കേണ്ടത്. സംഘടിച്ച് ശക്തി നേടിയാല്‍ മാത്രമെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയൂ. അനാദിയായ സംസ്‌കാരത്തിന് മങ്ങലേല്‍ക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ബാദ്ധ്യതയാണ്. എല്ലാ വെല്ലുവിളികളെയും ഹൈന്ദവമായ കാഴ്ചപ്പാടുകളോടുകൂടിയാണ് നേരിടേണ്ടത്. ഞാന്‍ ഹിന്ദുവാണെന്നും ആര്‍ഷ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ചങ്കൂറ്റത്തോടെ പറയാന്‍ സാധിക്കണം. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യന്‍കാളിക്കും സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിച്ചത് അവര്‍ ആത്മീയതയില്‍ അടിയുറച്ചു നിന്നതിനാലാണ്. ഹൈന്ദവ സമൂഹത്തില്‍ ഇന്ന് ഉണര്‍വിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. എന്നാല്‍ ഇനിയും മൈലുകള്‍ താണ്ടണം. ഹൈന്ദവ സംസ്‌കാരത്തില്‍ അടിയുറച്ചു നില്‍ക്കുന്ന നേതാവ് പ്രധാനമന്ത്രിയായതോടെ ഹിന്ദുക്കളാണെന്ന് പറയാന്‍ നമ്മള്‍ ധൈര്യപ്പെട്ടുതുടങ്ങി. എങ്കിലും അനൈക്യത്തിന്റെ രൂപങ്ങള്‍ സമൂഹത്തില്‍ ധാരാളം നിലനില്‍ക്കുന്നുണ്ട്. ജാതീയമായ ജീര്‍ണ്ണതയ്ക്കു കാരണം അജ്ഞതയാണ്. ജാതി മനുഷ്യസൃഷ്ടിയും വര്‍ണ്ണം ഈശ്വരസൃഷ്ടിയുമാണ്. ജ്ഞാനത്തിലൂടെ ജാതീയമായ വേര്‍തിരിവുകള്‍ക്കപ്പുറം ഹിന്ദുക്കള്‍ ഒന്നാണെന്ന ചിന്തയാണ് പ്രചരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ അദ്ധ്യക്ഷയായി. ഹിന്ദു ഐക്യവേദി രക്ഷാധികാരിമാരായ ആചാര്യ എം.കെ. കുഞ്ഞോല്‍, പി.കെ. ഭാസ്‌കരന്‍, ജന. സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം വിഷയം അവതരിപ്പിച്ചു. ഹൈന്ദവര്‍ ജന്മഭൂമി വായിക്കണം: സ്വാമി വിവിക്താനന്ദ ആലപ്പുഴ: നമ്മുടെ സംസ്‌കാരം, പാരമ്പര്യം എന്നിവയെക്കുറിച്ച് അറിവുള്ളവരായി ഹിന്ദു സമാജം മാറണമെന്ന് ചിന്മയ മിഷന്‍ കേരള റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ. ഓരോ വീട്ടിലും ജന്മഭൂമി പത്രം വരുത്താന്‍ തയ്യാറാകണം. രാഷ്ട്രീയം നോക്കാതെ ഹൈന്ദവര്‍ നിര്‍ബന്ധമായും ജന്മഭൂമി വായിക്കണം. അജ്ഞതയാണ് ഹിന്ദു സമൂഹത്തിന്റെ ശാപം. ജ്ഞാനം നേടുന്നതിന് ജന്മഭൂമി വളരെ സഹായകരമാണ്. അതിലെ സംസ്‌കൃതി പേജ് നമ്മുടെ അറിവില്ലായ്മ പരിഹരിക്കുന്നതിന് വളരെയേറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.