ലൈക മൊബൈല്‍സ് ഇന്ത്യയിലേക്ക്

Saturday 13 May 2017 3:11 pm IST

ചെന്നൈ: ലൈക ഗ്രൂപ്പിന് കീഴിലുള്ള മൊബൈല്‍ വിര്‍ച്ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായ ലൈക മൊബൈല്‍സ് ഇന്ത്യയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ആഗോളതലത്തില്‍ 160 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലൈക ഗ്രൂപ്പ് ചെയര്‍മാന്‍ അലിരാജാ സുബാസ്‌കരന്‍ പറഞ്ഞു. രാജ്യത്തിനു പുറത്ത് നിരവധി വിപണികളില്‍ സജീവ സാന്നിദ്ധ്യമാകാന്‍ കമ്പനിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണികളില്‍ ലൈക മൊബൈല്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോമിംഗ് സൗകര്യം നല്‍കുന്നത് ലൈകയെ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരമാക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദേശത്തുള്ള ലൈക ഉപഭോക്താക്കള്‍ക്ക് ലൈകയുടെ ഇന്ത്യന്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിന് ഉള്‍പ്പടെയുള്ള നിരവധി സേവനങ്ങളാണ് കമ്പനിയിപ്പോള്‍ നല്‍കിവരുന്നത്. 200ലധികം രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ലൈക മൊബൈല്‍സിന് ദേശീയ, അന്തര്‍ദേശീയ വിപണികളില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക നെറ്റ്വര്‍ക്കുകളുമായി ചേര്‍ന്ന് രാജ്യത്ത് മുഴുവന്‍ സ്വാധീനമുള്ള കമ്പനിയായി വളരുകയാണ് ലൈക ഉദ്ദേശിക്കുന്നത്. മൊബൈല്‍ മേഖലയിലെ നിക്ഷേപം എത്രയാണെന്ന കാര്യം വെളിപ്പെടുത്തിയില്ലെങ്കിലും ഉടന്‍ തന്നെ ഇന്ത്യയില്‍ 250 മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് സുബാസ്‌കരന്‍ വ്യക്തമാക്കി. ഹെല്‍ത് കെയര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.