പാവം ഖമറുന്നിസ!

Saturday 13 May 2017 7:21 pm IST

സംസ്ഥാന വനിതാ ലീഗ് അധ്യക്ഷയായിരുന്നപ്പോള്‍ ഖമറുന്നീസ അന്‍വര്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ മലപ്പുറം ജില്ലാ പ്രവര്‍ത്തനഫണ്ടിലേക്ക് പണം സംഭാവന ചെയ്യുകയും ബിജെപിയും കേന്ദ്രസര്‍ക്കാരും ജനനന്മയ്ക്കുതകുന്ന നല്ല കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞത് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തയായി. അത് സൃഷ്ടിച്ച ഭൂകമ്പം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതു ചാനല്‍ ചര്‍ച്ചകള്‍ക്കും ഒട്ടേറെ പഴിചാരലുകള്‍ക്കും വഴിവച്ചു. ചര്‍ച്ചാ വിശാരദര്‍ക്കും നല്ല അലക്കലക്കിനും ബിജെപിയെ പരിഹസിക്കാനും അവസരം നല്‍കി. അതില്‍ ചൊടിപ്പുവന്ന ലീഗ് നേതൃത്വം ഖമറുന്നീസക്കെതിരെ കൊലവാളെടുത്തു. ആ പാവം സ്ത്രീക്ക് താന്‍ ചെയ്ത പിഴവെന്തെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. തനിക്ക് പരിചിതരായ ഏതാനും ചെറുപ്പക്കാര്‍ പാര്‍ട്ടി പ്രചാരണ ലഘുലേഖകളുമായി സന്ദര്‍ശിക്കുകയും പ്രഥമ സംഭാവന സ്വീകരിക്കുകയുമായിരുന്നു. ബിജെപിക്കെതിരെ അസഹിഷ്ണുതാ ആരോപണം നടത്തുന്നവര്‍ ഈ നടപടിയെ ശ്ലാഘിക്കുകയല്ലേ വേണ്ടിയിരുന്നത്. ബിജെപിക്കും അതിന് മുന്‍പ് ജനസംഘത്തിനും ഉദാരമായ സംഭാവനകള്‍ നല്‍കിയ പല പ്രമുഖരും മുന്‍പുണ്ടായിരുന്നു. കോഴിക്കോട് 1967 ല്‍ ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം ചേര്‍ന്നപ്പോള്‍ കോഴിക്കോട്ടെ പ്രമുഖ മുസ്ലിങ്ങളെ സമീപിക്കാന്‍ പരമേശ്വര്‍ജിയും മറ്റു പലരും ശ്രമിച്ചിരുന്നു. അക്കാലത്തു ലീഗും സിപിഎമ്മും സപ്തകക്ഷിമുന്നണിയുടെ ഭാഗങ്ങളായിരുന്നുവെങ്കിലും ധാരാളം മുസ്ലിങ്ങള്‍ സംഭാവന നല്‍കിയിരുന്നു. മുസ്ലിങ്ങളില്‍ പുരോഗതിയും പ്രബുദ്ധതയും വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം വിദ്യാഭ്യാസരംഗമാണ് എന്ന് വിശ്വസിച്ചുകൊണ്ട് കോഴിക്കോട്ടെ പ്രശസ്ത ഭിഷഗ്വരനായിരുന്ന ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മാതൃക പിന്തുടര്‍ന്ന മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി രൂപീകരിക്കുകയും ഏതാനും കലാശാലകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. യാഥാസ്ഥിതിക മുസ്ലിംലീഗ് നേതൃത്വം അവരെ കര്‍ശനമായി എതിര്‍ത്തു. അതിനു നേതൃത്വം വഹിച്ച ഡോ. ഗഫൂറിനെ പരമേശ്വര്‍ജി സന്ദര്‍ശിച്ചു വളരെനേരം ആശയവിനിമയം നടത്തി. ജനസംഘ സമ്മേളനം കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സംസ്‌കാരംകൊണ്ടുവരുമ്പോള്‍ അതിനെ പ്രബുദ്ധരായ മുസ്ലിങ്ങള്‍ സ്വാഗതം ചെയ്യണമെന്നുമാണ് ഡോ. ഗഫൂര്‍ അഭിപ്രായപ്പെട്ടത്. സമ്മേളനത്തിന് അന്നത്തെ നിലയ്ക്ക് ഒട്ടും ചെറുതല്ലാത്ത ഒരു തുക അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡോ. ഗഫൂറിന്റെ പക്ഷത്തും ധാരാളം മുസ്ലിങ്ങള്‍ അണിനിരന്നു. എംഇഎസിന് ബദലായി ലീഗിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം എഡ്യുക്കേഷന്‍ അസോസിയേഷന് രൂപംകൊടുത്തു. അതിന് എംഇഎസ്സിനോട് കിടപിടിക്കാന്‍ സാധിച്ചില്ല. മത്സരം മൂത്തുവന്നപ്പോള്‍ എ.കെ. ഖാദര്‍കുട്ടിയെപ്പോലുള്ള ഏതാനും പ്രമുഖ മുസ്ലിം വ്യവസായികളും വി.ആര്‍. കൃഷ്ണയ്യരുമൊക്കെ ഉത്സാഹിച്ചു ശണ്ഠ അവസാനിപ്പിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ബിജെപിക്കു മാത്രമല്ല മുന്‍പ് ജനസംഘത്തിന് സംഭാവന നല്‍കാന്‍ പ്രമുഖ മുസ്ലിങ്ങള്‍ മുന്നോട്ടുവന്നിരുന്നുവെന്നു കാണിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. മറ്റൊരു സംഭവം ഓര്‍മ്മവരുന്നത് ഭാരതീയ ജനസംഘത്തിന് പ്രമുഖ പങ്കാളിത്തമുണ്ടായിരുന്ന ജനതാ ഭരണകാലത്തെതാണ്. അന്ന് വിദേശകാര്യമന്ത്രി അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നു. ഭാരത വിഭജനകാലത്ത് പലവിധ തൊഴിലുകളുമായി കറാച്ചിയിലും ലാഹോറിലും കഴിഞ്ഞ ധാരാളം മലയാളി മുസ്ലിങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വിഭജനത്തോടെ സ്വന്തം നാടും ബന്ധുക്കളുമായി ബന്ധം വയ്ക്കാന്‍ കഴിയാതെയായി. അവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങി കുടുംബാംഗങ്ങളോടൊപ്പം ബാക്കി ജീവിതം നയിക്കണമെന്ന ആഗ്രഹമുണ്ടായി. വാജ്‌പേയി വിദേശമന്ത്രിയെന്ന നിലയ്ക്ക് പഴയ ഫയലുകള്‍ നോക്കിയപ്പോള്‍ ഇത്തരക്കാരുടെ നൂറുകണക്കിന് അപേക്ഷകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചുവപ്പുനാട കെട്ടുകള്‍ അഴിച്ച് അക്കൂട്ടര്‍ക്ക് സ്വജനങ്ങളുമായി ഒത്തുചേരാന്‍ അദ്ദേഹം അവസരമുണ്ടാക്കി. അങ്ങനെ 30 വര്‍ഷങ്ങള്‍ക്കുശേഷം നൂറുകണക്കിന് മലപ്പുറം മുസ്ലിം കുടുംബങ്ങള്‍ക്ക് വാജ്‌പേയി അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍ നല്‍കി. മുസ്ലിം ജനതയ്ക്കുവേണ്ടി മതേതര മുതലക്കണ്ണീര്‍ മുപ്പതുവര്‍ഷം ഒഴുക്കിയ (ഇന്നുമൊഴുക്കുന്ന) കോണ്‍ഗ്രസ് ഭരണകൂടം ചിന്തിക്കാത്ത കാര്യമായിരുന്നു അത്. ജനതാപാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കുശേഷം ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടു. 1980 ഒക്‌ടോബറില്‍ വാജ്‌പേയി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തി. ഇക്കാലത്തെപ്പോലെ കര്‍ക്കശമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വഴിനീളെ അണിനിരന്നവര്‍ക്ക് അദ്ദേഹത്തിന് കൈകൊടുക്കാനും കുശലം അന്വേഷിക്കാനും കഴിഞ്ഞു. കോഴിക്കോട്ടുനിന്നും പാലക്കാട്ടേക്ക് നീങ്ങിയ വാഹനവ്യൂഹം കൊണ്ടോട്ടിയിലെത്തിയപ്പോള്‍ ഒരു മുസ്ലിം വൃദ്ധന്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൈപിടിച്ചു. 1940 കളില്‍ ജോലി തേടി കറാച്ചിയിലെത്തിയ തന്റെ ഇക്കായ്ക്ക് 1947 നുശേഷം ആദ്യമായി നാട്ടില്‍വന്നു കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാന്‍ അവസരമുണ്ടാക്കിയ ആളെ നേരിട്ട് കണ്ട് നന്ദി പറയാന്‍ അനേകം നാഴികകള്‍ നടന്ന് കൊണ്ടോട്ടിയില്‍ എത്തിയതായിരുന്നു ആ വൃദ്ധന്‍. വാജ്‌പേയിയുടെ വാഹനവ്യൂഹം കടന്നുപോയ ചെറുപട്ടണങ്ങളില്‍ ധാരാളം പേര്‍ (മിക്കവരും മുസ്ലിങ്ങള്‍ തന്നെ) അദ്ദേഹത്തെ അഭിനന്ദിക്കാന്‍ അണിനിരന്നു. മലപ്പുറം കോട്ടപ്പടി മൈതാനത്തും ധാരാളം പേര്‍ തടിച്ചുകൂടി. അദ്ദേഹം അവിടെ വിദേശമന്ത്രിയായിരിക്കെ താന്‍ ചെയ്ത കാര്യങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അതിനിടെ മലപ്പുറം നഗരസഭാധ്യക്ഷന്റെ ഒരു ദൂതന്‍ ബിജെപി നേതാക്കളെ സമീപിച്ചു. അദ്ദേഹത്തെ നഗരസഭയുടെ അനൗപചാരിക സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. യുവ അഭിഭാഷകന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു നഗരസഭാധ്യക്ഷന്‍. ഔപചാരിക ക്ഷണം നല്‍കാനുള്ള നടപടി ക്രമത്തിന് സമയമില്ലാത്തതായിരുന്നു സ്വീകരണം അങ്ങനെയാകാന്‍ കാരണം. വാജ്‌പേയി തന്റെ സ്വതസ്സിദ്ധമായ മഹാമനസ്‌കതയോടെ നഗരസഭാ മന്ദിരത്തില്‍ ചെന്ന്, സ്വീകരണത്തിന് ഉചിതമായ നന്ദി രേഖപ്പെടുത്തി. അതിന് ലീഗ് നേതൃത്വം ബാഫാക്കി തങ്ങളോ, പാണക്കാട്ട് തങ്ങളോ, സി.എച്ച്. മഹമ്മദ് കോയയോ കുഞ്ഞാലിക്കുട്ടിക്കു നേരെ ചന്ദ്രഹാസമിളക്കിയതായി അറിവില്ല. പിന്നെ എന്തുകൊണ്ടാണാവോ വാജ്‌പേയിക്കു മാലയിട്ടു സ്വീകരിച്ച അതേ കുഞ്ഞാലിക്കുട്ടി ഖമറുന്നീസയ്ക്കുനേരെ വാളോങ്ങുന്നത്.വാജ്‌പേയി പ്രധാനമന്ത്രിയായ ശേഷം ആദ്യ കേരള സന്ദര്‍ശനം ഇടപ്പള്ളിയിലെ അമൃത ആശുപത്രി ഉദ്ഘാടനത്തിനുവേണ്ടിയായിരുന്നു. അന്ന് മറ്റൊരു ചടങ്ങ് മലപ്പുറം ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനത്തിന് പുരസ്‌കാരം നല്‍കാന്‍ വേണ്ടിയുള്ളതും. അതും ഒരു മുസ്ലിം സ്ത്രീയ്ക്കായിരുന്നു. ആ സ്ത്രീ പുരസ്‌കാരം സ്വീകരിച്ചതിന് ശിക്ഷിക്കപ്പെട്ടില്ല. പാവം ഖമറുന്നീസ! ബിജെപിക്ക് ഒരു ചെറു തുക സംഭാവന നല്‍കിയതിന് 'ചെറിയ' ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. വാജ്‌പേയി വിദേശകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കിസ്ഥാനുമായുള്ള ബന്ധം ഏറ്റവും സൗഹാര്‍ദ്ദപരമായി രുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അസഹിഷ്ണുത ആര്‍ക്ക് ബിജെപിക്കോ ലീഗിനോ?